കല്പ്പറ്റ: പ്രിയങ്ക ഗാന്ധി എംപി കാണാന് തയ്യാറായില്ലെന്ന് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബം. പ്രിയങ്ക ഗാന്ധിയെ നേരിട്ട് കണ്ട് നിവേദനം കൈമാറാനായാണ് എൻ എം വിജയന്റെ കുടുംബം സുൽത്താൻ ബത്തേരിയിലെത്തിയത്. എൻ എം വിജയനോട് പാർട്ടി ചെയ്തത് കുടുംബത്തോടും ചെയ്യുന്നുവെന്നും തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എംഎൽഎ ഐസി ബാലകൃഷ്ണൻ ആയിരിക്കും കാരണമെന്നും കുടുംബം പ്രതികരിച്ചു.
കോൺഗ്രസ് നേതാക്കൾ പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് എൻഎം വിജയന്റെ മരുമകൾ പത്മജ റിപ്പോർട്ടറിനോട് പറഞ്ഞു. പ്രശ്നം എങ്ങനെ പരിഹരിക്കും എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു. റോഡരികിൽ നിന്ന് പ്രിയങ്കയെ കാണാൻ ശ്രമിക്കുമെന്നും നിവേദനം കൈമാറുമെന്നും അവർ വ്യക്തമാക്കി. നിരവധി കാര്യങ്ങൾ ഇനിയും പറയാനുണ്ട്. കോഴിക്കോട് വെച്ച് കോൺഗ്രസ് നേതാക്കൾ പറഞ്ഞ വാക്ക് പാലിച്ചില്ല. പത്തു ലക്ഷം രൂപയാണ് തന്നത്. ബാക്കി ഇടപാട് തീർത്തിട്ടില്ല. ചെയ്തു തരാൻ കഴിയില്ലെങ്കിൽ അത് പറയാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാവണം. ജീവിത പ്രശ്നമാണ്. അച്ഛൻ പാർട്ടിയെ ആണ് ഏറ്റവും അധികം സ്നേഹിച്ചത്. പ്രിയങ്ക വീട്ടിൽ വന്നപ്പോൾ തന്ന വാക്ക് പാലിച്ചില്ലെന്നും അവർ ആരോപിച്ചു.
പ്രിയങ്ക ഗാന്ധിയെ കാണാൻ കഴിയാത്തതിൽ വിഷമമുണ്ട്. വെള്ളയും വെള്ളയും ഇട്ടു നടക്കുന്നവരാണ് പ്രതികൾ. എൻ ഡി അപ്പച്ചൻ ഉൾപ്പെടെ വഞ്ചിച്ചു. ഇനിയും പറയാൻ കാര്യങ്ങളുണ്ട്. പാർട്ടിക്ക് കളങ്കം വരുത്തേണ്ട എന്ന് കരുതി മിണ്ടാതെ ഇരുന്നതാണ്. പുണ്യാളന്മാരായ പലരുടെയും മുഖം വിളിച്ചു പറയും. രണ്ടര കോടിക്കും മുകളിലാണ് ബാധ്യതയെന്നും നീതി ലഭിച്ചില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.
ഡിസംബർ 25-നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളും കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായിരുന്നു.
Content Highlights: nm vijayan's family against congress