ഇടുക്കി: റാപ്പര് വേടന് സര്ക്കാര് വേദി. സര്ക്കാര് നാലാം വാര്ഷികഘോഷ പരിപാടിയുടെ ഇടുക്കി ജില്ലയിലെ സമാപനത്തിലാണ് വേടന്റെ പരിപാടി സംഘടിപ്പിക്കുന്നത്. എന്റെ കേരളം പ്രദര്ശന മേളയിലാണ് നാളെ വൈകിട്ട് റാപ് ഷോ നടത്തുന്നത്. മുമ്പ് കേസിന്റെ പശ്ചാത്തലത്തില് വേടന്റെ പരിപാടി മാറ്റിവച്ചിരുന്നു.
കഴിഞ്ഞ 29നായിരുന്നു വേടന്റെ പരിപാടി ഇടുക്കിയില് നടത്താന് തീരുമനിച്ചത്. എന്നാല് 28ന് കഞ്ചാവുമായി വേടനെ ഫ്ളാറ്റില് നിന്നും പൊലീസ് പിടികൂടുകയായിരുന്നു. തുടര്ന്ന് പരിപാടി റദ്ദ് ചെയ്തു. എന്നാല് ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില് ഇപ്പോള് വീണ്ടും പരിപാടി സംഘടിപ്പിക്കാന് തീരുമാനിക്കുകയായിരുന്നു.
അതേസമയം വേടനെ വേട്ടയാടാന് സര്ക്കാരിന് ഉദ്ദേശമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചു. തെറ്റ് പറ്റിയെന്ന് വേടന് തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സര്ക്കാര് നടപടി തിരുത്താനുള്ള അവസരമായി കണ്ടാല് മതിയെന്നും എം വി ഗോവിന്ദന് പ്രതികരിച്ചു. വേടന് സമൂഹത്തിന്റെ സംരക്ഷണമുണ്ടെന്നും എം വി ഗോവിന്ദന് പറഞ്ഞു.
പുല്ലിപ്പല്ല് കേസില് വേടനെതിരായ സമീപനം ശരിയല്ലെന്ന് എല്ഡിഎഫ് കണ്വീനര് ടി പി രാമകൃഷ്ണനും പ്രതികരിച്ചു. വേടന്റെ കാര്യത്തില് തിടുക്കപ്പെടാന് കാരണം എന്തെന്ന് പരിശോധിക്കണമെന്നും തെറ്റ് ചെയ്ത ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ലെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു.
Content Highlights: Government Program for Rapper Vedan in Idukki