'ബാറ്ററികൾ' വില്ലനായി; തീപ്പൊരിയുണ്ടായത് പുക ഉയരാൻ കാരണമായി, മുറി ശീതീകരിക്കാത്തത് വ്യാപ്തി കൂട്ടി

പുതിയ ബ്ലോക്കിലെ വയറിംഗ് സംവിധാനവും അധികൃതർ ഉടൻ പരിശോധിക്കും

കോഴിക്കോട്: മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ നിന്ന് പുക ഉയർന്നതിന് കാരണം ബാറ്ററികളിലെ തകരാർ. ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിൻ്റെ പ്രാഥമിക നിഗമനത്തിലാണ് വില്ലനായത് ബാറ്ററികളാണെന്ന് കണ്ടെത്തിയിട്ടുള്ളത്.

ബാറ്ററികൾ ചൂടുപിടിച്ചതും, അവയിൽ നിന്ന് തീപ്പൊരികൾ ഉണ്ടായതുമാണ് അപകടത്തിന് കാരണം. ഈ തകരാർ പുക ഉയരാൻ കാരണമായി. യുപിഎസ് മുറി ശീതികരിക്കാത്തത് അമിതമായി ചൂടുപിടിയ്ക്കാൻ കാരണമായി. ഇതിനിടെ കാഷ്വാലിറ്റിയിൽ വൈദ്യുതി ഉപയോഗം ഓവർലോഡ് ആയിട്ടും, തുടർന്ന് നിരന്തരം "പവർ ട്രിപ്പ്' ആയിട്ടും പ്രശ്നം പരിഹരിച്ചില്ല. പുതിയ ബ്ലോക്കിലെ വയറിംഗ് സംവിധാനവും അധികൃതർ ഉടൻ പരിശോധിക്കും.

മെഡിക്കൽ കോളജിലെ കെട്ടിടത്തിൽ ഫയർ & സേഫ്റ്റി ചട്ടങ്ങൾ പ്രകാരമുള്ള സംവിധാനങ്ങൾ ഇല്ല എന്നും കണ്ടെത്തലുണ്ട്. ഫയർ എക്സിറ്റ് തുറക്കാൻ ഫയർഫോഴ്‌സിന് സാധിച്ചില്ല. കൂട്ടിയിട്ട ആക്രികൾ വഴി മുടക്കിയെന്നും ഫയർഫോഴ്സ് പറയുന്നു.

വെള്ളിയാഴ്ച രാത്രിയാണ് മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിയിൽ ആകെ പുക നിറഞ്ഞത്. അപകടത്തിൽ സാങ്കേതികമായ അന്വേഷണം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ ബാറ്ററി തകരാർ ആകാം അപകടകാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട് എന്നും മന്ത്രി പറഞ്ഞിരുന്നു. തീപിടിത്തത്തിനിടെയുണ്ടായ നാല് മരണങ്ങൾ സംബന്ധിച്ച് വിദഗ്ധർ അടങ്ങിയ മെഡിക്കൽ സംഘം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

Content Highlights: fire from batteries caused smoke at kozhikode medical college

To advertise here,contact us