കൊച്ചി: ഡോക്ടര് പ്രതിയായ ജോലി വാഗ്ദാന തട്ടിപ്പ് കേസില് നിര്ണായക കണ്ടെത്തല്. ടേക്ക് ഓഫ് ഓവര്സീസ് എജ്യുക്കേഷണല് കണ്സള്ട്ടന്സി സിഇഒ കാർത്തിക തട്ടിയെടുത്ത പണം ലഹരി ഇടപാടുകള്ക്കായി ഉപയോഗിച്ചെന്നാണ് വിവരം. കാർത്തികയുടെ ലഹരി ബന്ധത്തില് അന്വേഷണം നടത്താനാണ് സെന്ട്രല് പൊലീസിന്റെ തീരുമാനം. ടേക്ക് ഓഫ് സ്ഥാപനത്തിനെതിരെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലായി 30ലധികം പരാതികളാണുള്ളത്.
യുക്രെയ്നില് എംബിബിഎസ് പഠിക്കുന്ന കാലം മുതല് തന്നെ കാർത്തിക തട്ടിപ്പ് ആരംഭിച്ചെന്നാണ് കണ്ടെത്തല്. തട്ടിപ്പില് ഭര്ത്താവിനും പങ്കുണ്ടെന്നാണ് സംശയം. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് വിദേശത്ത് ജോലി ചെയ്ത് കോടികള് തട്ടിയ കേസില് കാര്ത്തിക പിടിയിലാകുന്നത്. തൃശൂര് സ്വദേശിനിയുടെ പരാതിയിലാണ് കൊച്ചി സെന്ട്രല് പൊലീസ് കോഴിക്കോട് നിന്ന് കാര്ത്തികയെ കസ്റ്റഡിയിലെടുത്തത്. നൂറിലേറെ പേരാണ് കാര്ത്തികയുടെ തട്ടിപ്പിനിരയായത്.
ഇവരില് നിന്ന് മൂന്ന് മുതല് എട്ട് ലക്ഷം രൂപ വരെയാണ് പ്രതി തട്ടിയെടുത്തത്. ജര്മനി, യുകെ തുടങ്ങി വിദേശ രാജ്യങ്ങളിലാണ് പ്രധാനമായും ജോലി വാഗ്ദാനം ചെയ്തത്. പണവും രേഖകളും നല്കിയതിന് ശേഷവും ജോലി ലഭിക്കാത്തതിനെ തുടര്ന്ന് ഉദ്യോഗാര്ത്ഥികള് പൊലീസിനെ സമീപിക്കുകയായിരുന്നു. കേസായതിന് പിന്നാലെ കൊച്ചിയിലെ സ്ഥാപനം പൂട്ടി പ്രതി മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈന്സില്ലെന്നും കണ്ടെത്തിയിരുന്നു.
Content Highlights: Doctor accused in fraud case stolen money was used for drug dealing