മകനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി; ചികിത്സയിലിരിക്കെ രണ്ടര വയസുകാരന് ദാരുണാന്ത്യം, അമ്മ ആശുപത്രിയിൽ

ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഇന്ന് രാവിലെയാണ് കാശി മരിച്ചത്

പാലക്കാട്: മകനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി. ചികിത്സയിലിരിക്കവെ രണ്ടര വയസുകാരനായ മകൻ മരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് രണ്ടര വയസുകാരനായ വേദിക് (കാശി) നെയും എടുത്ത് വീട്ടിലെ കിണറ്റിൽ ചാടിയത്. ഇന്നലെ രാത്രിയാണ് സംഭവം.

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. കിണറ്റിൽ ചാടിയ ഉടൻ രക്ഷാപ്രവ‍ർത്തനം നടത്തി ഇരുവരെയും പുറത്തെത്തിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഇന്ന് രാവിലെയാണ് കാശി മരിച്ചത്. കാഞ്ചന ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഈ സമയത്താണ് കാഞ്ചന കാശിയെയും കൊണ്ട് ജീവനൊടുക്കാൻ ശ്രമിച്ചത്. കാഞ്ചനയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കിണറിന്റെ പൈപ്പ് ഇളകുന്നത് ശ്രദ്ധിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയും ഫയർഫോഴ്സ് സംഘം ഇരുവരെയും പുറത്തെത്തിക്കുകയുമായിരുന്നു.

Content Highlights: Two and a half year old boy died at Palakkad

To advertise here,contact us