'സർക്കാരിൻ്റെ യഥാർത്ഥ തലവൻ ഗവർണർ അല്ല' ; ജസ്റ്റിസ് കെ എം ജോസഫ്

ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കൊച്ചി: സംസ്ഥാന സർക്കാരുകളുടെ യഥാർത്ഥ തലവൻ ഗവർണറല്ലെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.എം ജോസഫ്. ഗവർണറുടെ പേരിലാണ് സർക്കാരുകളുടെ തീരുമാനങ്ങൾ പുറത്ത് വരാറ്. അവ മന്ത്രിസഭയുടെ ഉപദേശമനുസരിച്ചുള്ള തീരുമാനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെൻ്ററി ജനാധിപത്യം പ്രാതിനിധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ജനപ്രതിനിധികളിൽ നിന്നാണ് മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത്. അവർ പാസ്സാക്കുന്ന നിയമങ്ങൾക്ക് ഭാവിയിൽ ഗവർണർമാർ കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതായി താൻ ആശങ്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർമാർ ഭരണഘടനാ വിരുദ്ധമായി പെരുമാറുന്നത് കൊണ്ടാണ് നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയക്രമം നിശ്ചയിക്കാൻ സുപ്രീം കോടതി നിർബന്ധിതമായത്. തമിഴ്നാട് ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലെ സുപ്രീം കോടതി വിധി ഭരണഘടനാ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെമിനാറിൽ അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, ലോയേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി.വി സുരേന്ദ്രനാഥ്, സി.പി പ്രമോദ്, ലത ടി തങ്കപ്പൻ എന്നിവർ സംസാരിച്ചു.

Content Highlight: 'The real head of government is not the governor'; Justice KM Joseph

To advertise here,contact us