തിരുവനന്തപുരത്ത് നടന്നു വന്ന മാധ്യമപ്രവർത്തകയെ അമിതവേ​ഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; ​ഗുരുതരപരിക്ക്

ഇടിയുടെ ആഘാതത്തിൽ കാറിനും സമീപത്തുണ്ടായിരുന്ന കരിയില സംഭരണിയുടെ ഇടയിലും അനഘയുടെ ശരീരം അമർന്നു പോവുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമിതവേ​ഗതയിലെത്തിയ കാറിടിച്ച് മാധ്യമപ്രവർത്തകയ്ക്ക് ​ഗുരുതര പരിക്ക്. ജനയു​ഗം തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റർ എൻ ജി അനഘയാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാ​ഗത്തിലാണ് അനഘ.

ഡ്യൂട്ടിക്ക് പോകാനായി താമസിക്കുന്ന ഹോസ്റ്റലിൽ നിന്നും ഓഫീസിലേക്ക് നടന്നുവരുന്നതിനിടെ ആകാശവാണി നിലയത്തിന് സമീപത്ത് വെച്ച് അമിത വേ​ഗതയിലെത്തിയ കാർ അനഘയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നരയോടെ ജനയു​ഗം ഓഫീസിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിനും സമീപത്തുണ്ടായിരുന്ന കരിയില സംഭരണിയുടെ ഇടയിലും അനഘയുടെ ശരീരം അമർന്നു പോവുകയായിരുന്നു.

അനഘയുടെ മുഖത്തും നെറ്റിയിലും ​ഗുരുതര പരിക്കേറ്റു. മുന്‍നിരയിലെ പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടു. മൂക്ക് തകർന്നു. കൈയ്ക്കും കാലിനും പൊട്ടലുണ്ട്. ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. അപകടമുണ്ടാക്കിയ കാർ സമീപമുള്ള കടയിലിടിച്ചാണ് നിന്നത്. ഓടിയെത്തിയ നാട്ടുകാരാണ് അനഘയെ ആശുപത്രിയിലെത്തിച്ചത്. എറണാകുളം അയ്യമ്പിള്ളി കുഴുപ്പിള്ളി നെടുംപറമ്പില്‍ സ്വദേശിനിയാണ് അനഘ.

content highlights : female journalist walking was hit by a speeding car and seriously injured.

To advertise here,contact us