കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജിലെ അത്യാഹിത വിഭാഗത്തില് നിന്ന് പുക ഉയർന്നതിന് പിന്നാലെ നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയതിൽ പ്രതികരിച്ച് മെഡിക്കൽ സൂപ്രണ്ട് ഡോ ശ്രീജയന്. പുക ശ്വസിച്ച് ആരും മരിച്ചിട്ടില്ല എന്നും ഈ സംഭവവുമായി ഇന്ന് നടന്ന മരണങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കി.
5 രോഗികളുടെ മരണമാണ് സ്ഥിരീകരിച്ചത്. അതിൽ ഒരാൾ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയതിന് ശേഷമാണ് ഇവിടെ കൊണ്ടുവന്നതെന്ന് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. രണ്ടാമത്തെ മരണം വിഷം കഴിച്ച നിലയിൽ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു യുവതിയുടേതാണ്. വളരെ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. വെന്റിലേറ്ററിലായിരുന്നു. രണ്ട് തവണ ഹൃദയാഘാതം വന്നു. പുക പടർന്ന ശേഷം യുവതിയെ ആംബുലൻസിൽ അടുത്ത ബ്ലോക്കിലെ മെഡിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. അതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.
മൂന്നാമത്തെ രോഗി മൗത്ത് ക്യാൻസർ പേഷ്യന്റാണ്. രോഗം മൂർച്ഛിച്ച അവസ്ഥയിലാണെത്തിയത്. പിന്നീട് മരണം സ്ഥിരീകരിച്ചു. നാലാമത്തെ രോഗി കരൾ, വൃക്ക എന്നിവ തകരാറിലായി എത്തിയതാണ്. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ മരണം പ്രതീക്ഷിച്ചതായിരുന്നു. അഞ്ചാമത്തെ രോഗി ന്യൂമോണിയയും രക്തത്തിലെ കൗണ്ട് കുറഞ്ഞ നിലയിലുമാണെത്തിയത്. രാത്രി 7.40ന് ഈ രോഗിയുടെ മരണം സ്ഥിരീകരിച്ചെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. ഇന്ന് നടന്ന മരണങ്ങൾക്ക് പുക ഉയർന്നുണ്ടായ അപകടവുമായി യാതൊരു വിധ ബന്ധവുമില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാത്രി ഏഴരയോടെയാണ് കോഴിക്കോട് മെഡിക്കല് കോളേജ് അത്യാഹിത വിഭാഗത്തില് നിന്ന് പുക ഉയര്ന്നത്. ഉടൻ തന്നെ ഫയര്ഫോഴ്സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. അതേ സമയം കോഴിക്കോട് മെഡിക്കല് കോളേജിലെ യുപിഎസ് റൂമില് പുക കണ്ട സംഭവത്തില് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്ക്ക് അന്വേഷണത്തിന് നിര്ദേശം നല്കി. രോഗികള്ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന് അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്ദേശം നല്കുകയായിരുന്നു.
content highlights : The deaths that occurred today are not related to the accident; Hospital superintendent denies the allegations