'കോഴിക്കോട് മെഡിക്കൽ കോളേജിൽ അപകടമുണ്ടായിട്ടില്ലെന്ന കാര്യം വിശ്വസനീയമല്ല; എൻ്റെ മണ്ഡലത്തിലെ സ്ത്രീ മരിച്ചു'

മൂന്ന് പേര്‍ അപകടത്തില്‍ മരണപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞതെന്ന് സിദ്ദീഖ്

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നതിന് പിന്നാലെ രോഗികള്‍ മരിച്ചെന്ന ആരോപണവുമായി എംഎല്‍എ ടി സിദ്ദീഖ്. തന്റെ മണ്ഡലത്തിലെ ഒരു സ്ത്രീ മരിച്ചെന്നും അവരുടെ മൃതശരീരം കണ്ടെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. അപകടമൊന്നുമുണ്ടായിട്ടില്ലെന്ന കാര്യം വിശ്വസനീയമല്ലെന്നും സിദ്ദീഖ് പറഞ്ഞു.

'കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടം അത്യന്തം ഗൗരവമേറിയതാണ്. ഭയങ്കര ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചതെന്ന് രോഗികള്‍ പറയുകയുണ്ടായി. രോഗികള്‍ അടക്കം പരക്കം പായുന്ന സാഹചര്യമുണ്ടായി. അപകടമൊന്നും ഉണ്ടായിട്ടില്ല എന്ന കാര്യം വിശ്വസനീയമല്ല. എന്റെ മണ്ഡലത്തിലെ മേപ്പാടിയില്‍ നിന്നുള്ള വെന്റിലേറ്ററിലായിരുന്ന നസീറ എന്ന സ്ത്രീ (44 വയസ്) അപകടം കാരണം മരണപ്പെട്ടിരിക്കുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് മരണം നടന്നത്. മൂന്ന് പേര്‍ അപകടത്തില്‍ മരണപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞത്. നസീറയുടെ മയ്യിത്ത് കണ്ടു. ബന്ധുക്കളുമായി സംസാരിച്ചു', അദ്ദേഹം പറഞ്ഞു.

പുക ഉയര്‍ന്നതിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ ക്വാഷ്വാലിറ്റിയില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രോഗികളുടെ മരണകാരണം വ്യക്തമായിട്ടില്ല. അതേസമയം പുക ഉയര്‍ന്ന സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാത്രി ഏകദേശം ഏഴുമണിയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് എന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിക്കുകയായിരുന്നു. രോഗികളെ മറ്റ് ആശുപത്രികളിലേക്കാണ് മാറ്റിയത്. അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ കൊണ്ടുവരരുതെന്ന് പൊലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

Content Highlights: T Siddique allegation that death occured Calicut Medical college after fume

To advertise here,contact us