കല്യാണമൊന്നും അല്ലല്ലോ നാടിനുവേണ്ടിയുളള പദ്ധതിയല്ലേ: വി ഡി സതീശനെതിരെ തോമസ് ഐസക്

അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയുമെന്ന് ഭയന്നാണ് തന്നെ വിഴിഞ്ഞത്തേക്ക് വിളിക്കാത്തതെന്ന് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ക്രെഡിറ്റ് തര്‍ക്കം വിവാദമാക്കേണ്ട കാര്യമില്ലെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. വിഴിഞ്ഞം നാടിനു വേണ്ട പദ്ധതിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങില്‍ വി ഡി സതീശന്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് തോമസ് ഐസകിന്റെ വിമര്‍ശനം. 'കല്യാണമൊന്നും അല്ലല്ലോ, നാടിനു വേണ്ടിയുളള പദ്ധതിയല്ലേ. ആദ്യം പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല എന്ന് പറഞ്ഞു. വേണ്ടവിധം ക്ഷണിച്ചില്ലെന്ന് പിന്നീട് തിരുത്തി പറഞ്ഞു'- തോമസ് ഐസക് പറഞ്ഞു.

പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കമ്മീഷണിംഗ് എന്നും ആഘോഷം പ്രതിപക്ഷം ബഹിഷ്‌കരിച്ചതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതെന്നുമായിരുന്നു തുറമുഖ വകുപ്പ് മന്ത്രിയുടെ ആദ്യ വിശദീകരണം. അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയുമെന്ന് ഭയന്നാണ് തന്നെ വിഴിഞ്ഞത്തേക്ക് വിളിക്കാത്തതെന്ന് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.

'എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം സിപിഎമ്മും ബിജെപിയും ഒന്നിച്ചാണോ ആഘോഷിക്കുന്നത്? അതുകൊണ്ടാണോ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചത്. പിണറായി വിജയന്റെ നാലാം വാര്‍ഷികത്തില്‍ പങ്കെടുക്കാനാണോ നരേന്ദ്രമോദി വരുന്നത്? മോദിയെക്കൊണ്ട് എത്ര അഭിനന്ദന വാക്കുകള്‍ പറയിച്ചാലും കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളാകില്ല. വിഴിഞ്ഞം തുറമുഖം കൊണ്ടുവന്നത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം'-എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.

Content Highlights: thomas issac against vd satheesan on vizhinjam port credit controversy

To advertise here,contact us