തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ മുഖ്യമന്ത്രിയെയും ദേശാഭിമാനിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദേശാഭിമാനിയും പിണറായി വിജയനും അഭിനവ എട്ടുകാലി മമ്മൂഞ്ഞിമാരാകാൻ ശ്രമിക്കുന്നുവെന്നും ആറായിരം കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടാണ് വിഴിഞ്ഞം പദ്ധതിയെന്ന് ആരോപണം ഉന്നയിച്ച ആളാണ് പിണറായി വിജയനെന്നും ഫേസ്ബുക്കിൽ അദ്ദേഹം രേഖപ്പെടുത്തി.
കടൽക്കൊള്ള , മത്സ്യബന്ധനത്തിന് മരണമണി, കടലിന് കണ്ണീരിൻ്റെ ഉപ്പ് തുടങ്ങിയ തലക്കെട്ടുകൾ നിരത്തിയത് അന്നത്തെ ദേശാഭിമാനി. ഇന്ന് ഇവരെല്ലാം ചേർന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറിച്ചു. ഉമ്മൻചണ്ടിയുടേയും യുഡിഎഫ് സക്കാരിന്റേയും ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിൻ്റേയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖം എന്നും ഇത് ജനത്തിന് നന്നായി അറിയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം ഉമ്മൻ ചാണ്ടി സർക്കാർ കൗണ്ട് ഡൗൺ പ്രകാരം എല്ലാം ചെയ്തിരുന്നത് ആണെന്നും പിന്നീട് വന്ന ഇടതുസർക്കാർ കാരണം വിഴിഞ്ഞം പദ്ധതി വൈകിയതാണെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 2019ൽ വിഴിഞ്ഞം കമ്മീഷൻ ചെയ്യാമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. 2019 ൽ കമ്മീഷൻ ചെയ്യാമായിരുന്നു. അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടപ്പോഴൊക്കെ സമയം നീട്ടി നൽകി. അദാനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിയില്ല. താൻ അപ്രിയ സത്യങ്ങൾ വേദിയിൽ പറയും എന്നത് കണ്ടാണ് തന്നെ ആദ്യം വിഴിഞ്ഞം പരിപാടിയിൽ ഒഴിവാക്കിയത്. അതിനാൽ താൻ വിഴിഞ്ഞത്തേക്ക് ഇല്ലെന്ന് ഉറപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം വേടനെതിരായ കഞ്ചാവ് കേസിൽ നടപടി വേണമെന്നും എന്നാൽ പുലിപ്പല്ല് കേസിൽ വനം വകുപ്പിന് അമിതാവേശമെന്ന വിമർശനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാനമായ ഇത്തരം കേസുകളിൽ ഫോറസ്റ്റ് വിഭാഗം എടുത്ത നടപടികൾ പരിശോധിക്കണമെന്നുംഅതിലൊക്കെ അമിത ആവേശം കാണിച്ചോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
നാളെ രാവിലെ 11 മണിക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രിയാണ് നിർവഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
Content Highlights-Opposition leader's Facebook post mocks the Chief Minister and deshabhimani