ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; നടപടി സ്ഥലംമാറ്റത്തിലൊതുക്കി സര്‍ക്കാര്‍

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് കുമരകത്തെ റിസോര്‍ട്ടില്‍ ഒത്തുകൂടിയത്

കോട്ടയം: ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്നതില്‍ നടപടി. സംസ്ഥാന ജയില്‍ വകുപ്പിന് കീഴിലുള്ള 19 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കഴിഞ്ഞ ഫെബ്രുവരിയില്‍ കുമരകത്തെ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗം ഗൗരവത്തോടെ കാണണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതേസമയം, നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയെന്ന ആരോപണം ശക്തമാണ്. 17 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരും 5 അസി. പ്രിസണ്‍ ഓഫീസര്‍മാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് കുമരകത്തെ റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. യോഗത്തില്‍ പങ്കെടുത്ത ചില ഉദ്യോഗസ്ഥര്‍ വാട്ട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടതോടു കൂടിയാണ് ഇക്കാര്യം പുറത്തറിയുന്നത്.

'ഒരേ മനസുളള ഞങ്ങളുടെ കൂട്ടായ്മ, കോട്ടയത്ത് തുടക്കമായിരിക്കുന്നു, ഇനി വളര്‍ന്നുകൊണ്ടേയിരിക്കും'എന്ന അടിക്കുറിപ്പോടെയാണ് ചിലര്‍ യോഗത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചത്. തുടര്‍ന്നാണ് ജയില്‍ മേധാവിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നത്. യോഗം ഗൗരവത്തോടെ തന്നെ കാണണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാരിനും ജയില്‍വകുപ്പിനും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ ഈ ഒത്തുചേരലിനെതിരെ ജയില്‍ മേധാവിക്ക് പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും രാഷ്ട്രീയത്തിന്റെ ഭാഗമായോ സംഘടനയുടെ ഭാഗമായോ അല്ല യോഗം ചേര്‍ന്നത് എന്നുമാണ് ജയില്‍ വകുപ്പ് നല്‍കിയ വിശദീകരണം. പല റാങ്കുകളിലുളള പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്തുചേരല്‍ പെട്ടെന്നുണ്ടായതല്ലെന്നും അതിനുപിന്നില്‍ കൂടിയാലോചന ഉണ്ടായിട്ടുണ്ടെന്നുമാണ് ഇന്റലിജന്‍സ് അനുമാനം. സംഘടിക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഉദ്യോഗസ്ഥര്‍ ഒത്തുകൂടിയത്.

Content Highlights: jail officers secret meeting in kumarakom resort 19 officers transferred

To advertise here,contact us