നവീൻ ബാബുവിൻ്റെ മരണം; കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ സസ്പെൻഷൻ കാലാവധി നീട്ടി

മൂന്നുമാസത്തേക്ക് കൂടിയാണ് ടി വി പ്രശാന്തന്റെ സസ്പെൻഷൻ നീട്ടിയിരിക്കുന്നത്

കണ്ണൂ‍ർ: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ സസ്പെൻഷൻ കാലാവധി നീട്ടി ആരോഗ്യവകുപ്പ്. മൂന്നുമാസത്തേക്ക് കൂടിയാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ വിഭാഗം ജീവനക്കാരനായിരുന്നു പ്രശാന്തൻ.

ആറുമാസം മുൻപായിരുന്നു ഇയാളെ സസ്പെൻഡ് ചെയ്തത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയനായ ടി വി പ്രശാന്തന്‍, ഒക്ടോബര്‍ 10ാം തിയ്യതി മുതല്‍ അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ ആയിരിക്കെ സാമ്പത്തിക ലാഭത്തിനായി സ്വകാര്യ ബിസിനസ്സ് സംരംഭത്തില്‍ ഏര്‍പ്പെട്ടു, കാര്യസാധ്യത്തിനായി കൈക്കൂലി നല്‍കി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് സസ്‌പെന്‍ഷന്‍ നടപടി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു ടി വി പ്രശാന്തനെ സസ്പെൻഡ് ചെയ്തത്.

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപണമുന്നയിച്ചതോടെയാണ് പ്രശാന്തന്‍ വാർത്തകളിൽ ഇടംപിടിക്കുന്നത്.

Content HIghlights: Tv Prashanthan's suspension extended for raising bribery allegations in DM Naveen Babu's death

To advertise here,contact us