'ലഹരി ഉപയോഗവും മദ്യപാനവും ശരിയല്ല, തിരുത്താനുള്ള ശ്രമത്തിലാണ്'; ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ വേടൻ

വേടന്‍ തിരുത്തല്‍ വരുത്തി തിരികെ വരണമെന്നും വനം വകുപ്പ് വേടന്റെ ഒപ്പമുണ്ടാകുമെന്നും എ കെ ശശീന്ദ്രനും പ്രതികരിച്ചു

കൊച്ചി: ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ലെന്ന് റാപ്പര്‍ വേടന്‍. തിരുത്താനുള്ള ശ്രമത്തിലാണ് താന്‍. തന്നെ കേള്‍ക്കുന്നവര്‍ ഈ വഴി സ്വീകരിക്കരുതെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ പ്രതികരണം.

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പ്രതീക്ഷയുള്ള കലാകാരനാണ് വേടനെന്നും അദ്ദേഹം പറഞ്ഞു. തിരുത്തല്‍ വരുത്തി തിരികെ വരണമെന്നും വനം വകുപ്പ് വേടന്റെ ഒപ്പമുണ്ടാകുമെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

പുലിപ്പല്ല് കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. വനംവകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി. വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം.

എന്നാല്‍ രാജ്യം വിട്ട് പോകില്ലെന്ന് വേടന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെ കോടതി വേടന് ജാമ്യം അനുവദിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് വേടനെ ആറ് ഗ്രാം കഞ്ചാവുമായി എക്‌സൈസ് അറസ്റ്റ് ചെയ്തത്. വേടനൊപ്പമുണ്ടായിരുന്ന ഒൻപത് പേരെയും അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ കഴുത്തിൽ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട് വനംവകുപ്പ് വേടനെതിരെ കേസെടുത്തു. ഏഴ് വർഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകളായിരുന്നു വേടനെതിരെ വനംവകുപ്പ് ചുമത്തിയത്. തൊട്ടുപിന്നാലെ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: Rapper Vedan says he will correct his mistake

To advertise here,contact us