വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ട, ഞങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു: മുഖ്യമന്ത്രി

ക്രെഡിറ്റ് സ്വാഭാവികമായും ജനങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുമെന്നും നമ്മള്‍ അതില്‍ തര്‍ക്കിച്ച് സമയം കളയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം നാടിനാകെയുളള ക്രെഡിറ്റാണെന്നും ഇതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം ചെയ്തുവെന്ന ചാരിതാര്‍ത്ഥ്യം തങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം പദ്ധതി 2016 മുതലുളള സര്‍ക്കാരിന്റെയോ അതിനു മുന്‍പ് 2011-മുതല്‍ 2016 വരെയുളള സര്‍ക്കാരിന്റെയോ കണ്ടെത്തലല്ലെന്നും അത് പതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കരണമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്ക് ഉചിതമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തത് ക്രെഡിറ്റിനുവേണ്ടിയല്ലെന്നും അത് നാട് മുന്നോട്ടുപോകുന്നതിനായാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇവിടെ കല്ലിട്ടു എന്നതുകൊണ്ട് കാര്യങ്ങള്‍ പൂര്‍ത്തിയാകില്ല. ഇപ്പോ കപ്പലോടുന്ന അവസ്ഥയിലേക്കെത്തിയല്ലോ. ആ സാക്ഷാത്കരണത്തില്‍ കഴിഞ്ഞ 9 വര്‍ഷം ഏറ്റവും നിര്‍ണായകമായിരുന്നു. അതാണ് പ്രധാനം. ആ 9 വര്‍ഷത്തില്‍ 2016-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും ഇപ്പോഴുളള സര്‍ക്കാരും ഉചിതമായ കാര്യങ്ങള്‍ ചെയ്തു. അത് ക്രെഡിറ്റ് നേടുന്നതിനു വേണ്ടിയല്ല. നമ്മുടെ നാട് മുന്നോട്ടുപോകുന്നതിനു വേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് തര്‍ക്കങ്ങള്‍ നേരത്തെയുണ്ടായിരുന്നല്ലോ. ആ തര്‍ക്കവിഷയങ്ങള്‍ക്കല്ല പിന്നീട് പ്രാധാന്യം കല്‍പ്പിച്ചത്. കാരണം നാടിന്റെ വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണിത് എന്നതുകൊണ്ട് അതുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നമ്മുടെ നാടിന്റെ മുന്നേറ്റത്തിന് സഹായിക്കുന്ന എല്ലാ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളാണ് വിഴിഞ്ഞത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ക്രെഡിറ്റ് സ്വാഭാവികമായും ജനങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് നല്‍കും. നമ്മള്‍ അതില്‍ തര്‍ക്കിച്ച് സമയം കളയേണ്ടതില്ല'- മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

ദേശീയപാതാ പദ്ധതികൾ: ജി എസ് ടി യിലെ സംസ്ഥാനവിഹിതം, റോയൽറ്റി ഒഴിവാക്കും

ഭാവിയിൽ ദേശീയപാതാ അതോറിറ്റി കേരളത്തിൽ നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും നിർമ്മാണ വസ്തുക്കളുടെ ജി എസ് ടി യിലെ സംസ്ഥാനവിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിൻ്റെ വികസനത്തിന് ദേശീയപാത വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യമാണ് എന്നാണ് സർക്കാരിൻ്റെ കാഴ്ചപ്പാട്. ഇത് സംബന്ധിച്ച വിശദമായ നിർദേശം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രിക്ക് സമർപ്പിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ കൂടി പങ്കാളിത്തം ഇത്തരം പദ്ധതികളിൽ വേണമെന്ന ആവശ്യം മന്ത്രി തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുകയും വരാനിരിക്കുന്ന ദേശീയപാതാ പ്രവൃത്തികളിൽ കൂടി സംസ്ഥാനത്തിൻ്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

അയോഗ്യത ഒഴിവാക്കും

ആഭ്യന്തരം, വനം - വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്സിലെ തസ്തികകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഉന്തിയ പല്ലിൻ്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കും, അതത് വകുപ്പുകളിലെ വിശേഷാൽ ചട്ടങ്ങളിൽ പ്രസ്തുത വ്യവസ്ഥ നിലവിലുണ്ടെങ്കിൽ ഭേദഗതി ചെയ്യുന്നതിന് അനുമതി നൽകി

ഡീസിൽറ്റേഷൻ പ്രവൃത്തിക്ക് അനുമതി

മൂലമറ്റം പവർ ഹൗസിൻ്റെ താഴ് ഭാഗത്ത് തൊടുപുഴ നദിയിൽ 8 കിലോമീറ്റർ ദൈർഘ്യത്തിൽ മലങ്കര ഡാം വരെ ഡീസിൽറ്റേഷൻ പ്രവൃത്തിക്ക് അനുമതി നൽകും.

തസ്തിക

പിണറായി ഗവൺമെന്റ്റ് ആയുർവേദ ഡിസ്പെൻസറി 30 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തും. ചീഫ് മെഡിക്കൽ ഓഫീസർ, നഴ്സ് ഗ്രേഡ്‌-11, ക്ലാർക്ക് , ആയുർവേദ തെറാപിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് -11 എന്നീ തസ്തികകൾ സൃഷ്ടിക്കും. മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, നഴ്സ്, ആയുർവേദ തെറാപ്പിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ നാഷണൽ ആയുഷ് മിഷൻ മുഖേന കരാർ നിയമന വ്യവസ്ഥയിൽ നിയമനം നടത്തും. കുക്ക്, സാനിറ്റേഷൻ വർക്കർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിലാവും നിയമനം.

മലബാർ കാൻസർ സെൻ്ററിന് കീഴിലുള്ള സ്വാശ്രയ നഴ്സിങ് കോളേജായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ 23 തസ്തികകൾ സൃഷ്ടിക്കും. നിലവിലുള്ള രണ്ട് ലക്‌ചറർ തസ്തികകളുടെ അപ്ഗ്രഡേഷൻ ഉൾപ്പെടെയാണിത്.

ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജനറൽ മാനേജർ തസ്തിക പുനരുജ്ജീവിപ്പിക്കും.

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ ടെക്നിക്കൽ എക്സ്പേർട്ട് (റെയിൽവേ), മാനേജർ (പ്രോജക്ട്സ്), അസിസ്റ്റൻ്റ് മാനേജർ (പ്രോജക്ട്സ്), കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് എന്നീ 4 തസ്തികകൾ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സൃഷ്ടിക്കും.

ശമ്പള പരിഷ്കരണം

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിൻ്റെ ആനുകൂല്യം കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ ജീവനക്കാർക്ക് അനുവദിക്കും.കേരള ഫോറസ്റ്റ് ഡെവലപ്മെൻ്റ് കോർപ്പറേഷനിലെ സർക്കാർ അംഗീകൃത തസ്തികകളിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ ശമ്പള സ്കെയിൽ, അലവൻസുകൾ എന്നിവ പരിഷ്‌കരിക്കും. കേരള ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ (KSIE) യൂണിറ്റായ കൊച്ചിൻ ഇൻ്റർനാഷണൽ കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷനിലെ സ്ഥിരം ജീവനക്കാർക്ക് ഒമ്പതാമത്തേയും പത്താമത്തേയും ശമ്പള പരിഷ്‌കരണങ്ങൾ അനുവദിക്കും.

ബസ് ലഭ്യമാക്കും

തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിന് ബസ് ലഭ്യമാക്കും.

വാഹനം വാങ്ങുന്നതിന് അനുമതി

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി കാര്യാലയത്തിന്റെയും ആശുപത്രി വികസന സമിതിയുടെയും സുഗമമായ പ്രവർത്തനത്തിനായി, സർക്കാർ ഫണ്ട് വിനിയോഗിക്കാൻ പാടില്ല എന്ന വ്യവസ്ഥയ്ക്കു വിധേയമായി കോളേജിൻ്റെ എച്ച്.‌ഡി.എസ് ഫണ്ടിൽ നിന്നും പരമാവധി 18 ലക്ഷം രൂപ ചെലവഴിച്ച് GEM പോർട്ടൽ മുഖേന ഒരു ഇലക്ട്രിക്ക് വാഹനം വാങ്ങുന്നതിന് അനുമതി നൽകി.

രജിസ്ട്രേഷൻ ഫീസ്, മുദ്രവില എന്നിവയിൽ ഇളവ്

തലശ്ശേരി കേന്ദ്രീയ വിദ്യാലയ നിർമ്മാണത്തിനായി സർക്കാർ പാട്ടത്തിന് അനുവദിച്ച വസ്തുവിൻ്റെ പാട്ടക്കരാർ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ രജിസ്ട്രേഷൻ ഫീസ്, മുദ്രവില എന്നിവയിൽ ഇളവ് നൽകും.

ജുഡീഷ്യൽ മെമ്പർ

കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിൽ (K-REAT) ജുഡീഷ്യൽ മെമ്പറായി പി ജെ വിൻസന്റിനെ തിരഞ്ഞെടുത്തു.

പാട്ടത്തിന് നൽകും

തിരുവനന്തപുരം ജില്ലയിൽ, തിരുവല്ലം വില്ലേജിൽ 06.95 ഏക്കർ ഭൂമി നിർമ്മിതി കേന്ദ്രത്തിന് ഹൗസിങ് പാർക്ക് നിർമ്മാണത്തിനായി 10 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. പദ്ധതി പ്രവർത്തികമാകും വരെ പ്രതിവർഷം സൗജന്യ നിരക്കായ ഒരു ആറിന് നൂറ് രൂപ നിരക്കിലാണ് പാട്ടത്തിന് നൽകുക. ശേഷം ഉചിതമായ നിരക്കിൽ പാട്ടത്തിന് നൽകാമെന്നാണ് വ്യവസ്ഥ.

അക്കാമ്മ ചെറിയാൻ പേരിൽ സാംസ്കാരിക സമുച്ചയത്തിന് ഭൂമി

അക്കാമ്മ ചെറിയാൻ്റെ പേരിൽ സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നതിന് ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് 4 ഏക്കർ ഭൂമി അനുവദിക്കും. ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി കൈവശാവകാശം സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥ പ്രകാരം നിബന്ധനകളോടെ സാംസ്കാരിക വകുപ്പിന് കൈമാറും. പീരുമേട് വില്ലേജിൽ ഉൾപ്പെട്ട 4.31 ഏക്കർ സ്ഥലം സാംസ്കാരിക വകുപ്പിന് ഉപയോഗാനുമതി നൽകി നേരത്തെ ഉത്തരവായിരുന്നെങ്കിലും, സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനാൽ ഉത്തരവ് റദ്ദ് ചെയ്താണ് പുതിയ സ്ഥലം അനുവദിച്ചത്. തിരിച്ചുനൽകും

കറുപ്പുംപടി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരത്തിനു വേണ്ടി ഒടുക്കിയ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ചേർത്ത് 21,17,305/- രൂപ പ്രത്യേക കേസായി പരിഗണിച്ച് ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് തിരിച്ചുനൽകും

Content Highlights: no need to fight over vizhinjam project credit says cm pinarayi vijayan

To advertise here,contact us