പോത്തന്‍കോട് സുധീഷ് വധക്കേസ്; 11പ്രതികൾക്കും ജീവപര്യന്തം

2021 ഡിസംബർ 11നാണു കേസിനാസ്പദമായ സംഭവം

തിരുവനന്തപുരം: പോത്തകോട് സുധീഷ് വധക്കേസിൽ 11പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. പിഴ തുകയിൽ നിന്നും ഒരു ലക്ഷം രൂപ സുധീഷിന്റെ അമ്മയ്ക്ക് നൽകണം എന്നും കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ അധികമായി അഞ്ചുവർഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സുധീഷ് കൊലക്കേസിൽ പതിനൊന്ന് പ്രതികളും കുറ്റക്കാരനെന്ന് നെടുമങ്ങാട് പട്ടികജാതി - പട്ടികവർഗ പ്രത്യേക കോടതി കണ്ടെത്തിയത്. പ്രതികൾ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞിരുന്നു.

2021 ഡിസംബർ 11നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒന്നാംപ്രതി സുധീഷ് ഉണ്ണിയെ മുൻപ് സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെയും അമ്മയ്ക്കുനേരെ പടക്കമെറിഞ്ഞതിന്റെയും വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഒളിവിൽ താമസിച്ചിരുന്ന സുധീഷ് സംഭവദിവസം അക്രമികളെ കണ്ട് ഭയന്നോടി ബന്ധുവായ സജീവിന്റെ വീട്ടിലേക്കു കയറി.

പിന്തുടർന്നെത്തിയ സംഘം അതിക്രമിച്ചു കയറി കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് സുധീഷിനെ വെട്ടുകയായിരുന്നു. സമീപ വീടുകളിലും ആക്രമണം നടത്തി. പകതീരാതെ സുധീഷിന്റെ വലതുകാൽ മുട്ടിനുതാഴെ വെട്ടിയെടുത്തശേഷം ബൈക്കിൽ ആഹ്ലാദപ്രകടനം നടത്തുകയും കല്ലൂർ ജംക്‌ഷനിൽ വെച്ച് കാർ റോഡിലേക്കെറിയുകയും ചെയ്തു.

പൊലീസെത്തി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുംവഴിയാണു സുധീഷ് മരിച്ചത്. ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് സുധീഷ് മൊഴി നൽകിയിരുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട ക്വട്ടേഷനാണ് ഇരുസംഘങ്ങളും തമ്മിലുള്ള ആക്രമണത്തിൽ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

Content Highlights:11 accused in Pothankode Sudheesh's death sentenced to life imprisonment

To advertise here,contact us