'നിബന്ധന' വെച്ച് ഷൈൻ; 'ഒരു മണിക്കൂറിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കണം, എത്തിയത് ഡി അഡിക്ഷൻ സെന്ററിൽ നിന്ന്'

അല്പസമയം മുൻപാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായത്

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ നടൻ ഷൈൻ ടോം ചാക്കോ ആലപ്പുഴ എക്സൈസിന് മുൻപാകെ നിബന്ധന വെച്ചു. ഒരു മണിക്കൂറിനകം ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്നാണ് താരത്തിന്‍റെ നിബന്ധന. ബെംഗളുരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലിരിക്കെയാണ് താൻ ചോദ്യം ചെയ്യലിന് ഹാജരായതെന്നും ഉടൻ മടങ്ങണമെന്നുമാണ് താരം ഉദ്യോഗസ്ഥരെ അറിയിച്ചത്. ആലപ്പുഴ എക്സെെസ് ഉദ്യോഗസ്ഥരാണ് ചാേദ്യം ചെയ്യുന്നത്.

ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി. അല്പസമയം മുൻപാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ വിമാനമാർഗ്ഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയത്. ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമ ബന്ധം തെളിയിക്കാനാണ് താരങ്ങളായ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്‌സൈസ് ചോദ്യം ചെയ്യുന്നത്. കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താനയും ഭര്‍ത്താവ് സുല്‍ത്താനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനത്തിലാവും താരങ്ങളെ ചോദ്യം ചെയ്യുക.

തസ്ലീമയും താരങ്ങളും തമ്മിലുള്ള ലഹരി ഇടപാടില്‍ പാലക്കാട് സ്വദേശിയായ മോഡല്‍ ഇടനിലക്കാരി ആണോ എന്നും സംശയിക്കുന്നുണ്ട്. മോഡലിന്റെ അക്കൗണ്ടില്‍നിന്ന് തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം വന്നതായി കണ്ടെത്തിയിരുന്നു. ഇത് താരങ്ങള്‍ക്കായി ലഹരി വാങ്ങിയതിന്റെ പണമാണോ എന്നാണ് സംശയം.

ബിഗ് ബോസ് താരം ജിന്റോയ്ക്ക് ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ജിന്റോയും തസ്ലീമയും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തുന്നത്. സിനിമ അണിയറ പ്രവര്‍ത്തകരില്‍ ഒരാളെയും ചോദ്യം ചെയ്യും.

താരങ്ങളെ ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി എക്‌സൈസ് തയ്യാറാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിലേക്കും എക്‌സൈസ് കടന്നേക്കും. താരങ്ങള്‍ക്ക് പുറമേ പാലക്കാട് സ്വദേശിയായ മോഡലിനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: shine and sreenath bhasi at excise office

To advertise here,contact us