ഇരട്ടക്കൊലപാതകത്തില്‍ അമിത് ഒറ്റയ്ക്കല്ല? രണ്ട് സ്ത്രീകളും സംശയനിഴലിൽ; അന്വേഷിക്കാൻ പൊലീസ്

കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമാണെന്നും പൊലീസ് സ്ഥിരീകരിച്ചു

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ കൃത്യം നടത്താൻ പ്രതി അമിത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് അന്വേഷിക്കാൻ പൊലീസ്. പ്രതിയുടെ സഹോദരന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും, പ്രതിക്ക് പുറമെ മറ്റു മൂന്നുപേർ കരുതൽ തടങ്കലിൽ ഉണ്ടെന്നും കോട്ടയം എസ്പി ഷാഹുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

പ്രതിയുടെ സഹോദരനും മറ്റ് രണ്ട് സ്ത്രീകളുമാണ് പൊലീസിന്റെ കരുതൽ തടങ്കലിൽ ഉള്ളത്. നേരത്തെയുള്ള കേസിൽ പ്രതിയെ ജാമ്യത്തിൽ ഇറക്കിയിരുന്നത് ഈ സ്ത്രീകളാണ്. കൊലപാതകത്തിൽ പ്രതി അമിത്തിന് മാത്രമാണ് നിലവിൽ നേരിട്ട് പങ്കെന്നും സ്ത്രീകളുടെ പങ്ക് എന്തെന്നും പൊലീസ് അന്വേഷിക്കുകയാണ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും കോട്ടയം എസ് പി പറഞ്ഞു.

അല്പസമയം മുൻപാണ് പ്രതി അമിത്തിനെ തൃശൂർ ജില്ലയിലെ മാളയിൽ നിന്ന് പൊലീസ് പിടികൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അമിത് ഒറ്റയ്ക്കാണ് അതിക്രൂര കൊലപാതകം നടത്തിയതെന്നാണ് നിലവിൽ പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളിലായി കണ്ടെത്തിയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. സിബിഐ സംഘം ഇരട്ടക്കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഇവരുടെ വീട്ടിൽ ജോലി ചെയ്തിരുന്നയാളാണ് അമിത്. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈൽ മോഷണത്തിന്റെ പേരിൽ വിജയകുമാർ വീട്ടിൽ നിന്നും പറഞ്ഞുവിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.

Content Highlights: Police suspects more involvement at kottayam twin murder

To advertise here,contact us