നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ചരിത്രഭൂരിപക്ഷത്തിൽ വിജയിക്കും; പ്രസ്ഥാനത്തെ ഇട്ടെറിഞ്ഞ് പോകില്ല: പി വി അൻവർ

മുന്നണി പ്രവേശനം സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു

icon
dot image

തിരുവനന്തപുരം: മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫില്‍ ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഏത് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചാലും പിന്തുണയ്ക്കും. ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷത്തില്‍ യുഡിഎഫ് മണ്ഡലത്തില്‍ വിജയിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

യോഗത്തില്‍ രണ്ട് കൂട്ടരും സംതൃപ്തരാണ്. തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയല്ല അവിടെ മത്സരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ആരുടേയും പേര് മുന്നോട്ട് വെച്ചിട്ടില്ല. പ്രസ്ഥാനത്തെ ഇട്ടെറിഞ്ഞ് യുഡിഎഫിലേക്ക് പോകാന്‍ സാധിക്കില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍. പിണറായിസത്തെ എങ്ങനെ തകര്‍ക്കണം എന്നതിനെക്കുറിച്ചുള്ള തന്‍റെ കാഴ്ച്ചപ്പാട് വിശദീകരിച്ചുവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം യുഡിഎഫുമായി സഹകരിക്കാന്‍ പി വി അന്‍വര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. സഹകരണത്തിന്റെ രീതിയെക്കുറിച്ച് പി വി അന്‍വര്‍ ചില ഉപാധികള്‍ വെച്ചിട്ടുണ്ട്. മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ചാവും തീരുമാനം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പി വി അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അന്‍വറിന്റെ പിന്തുണ നിലമ്പൂരില്‍ ഗുണം ചെയ്യും എന്നും വി ഡി സതീശന്‍ പറഞ്ഞു.

മുന്നണി പ്രവേശനം സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. പി വി അന്‍വര്‍ ഒരു ഉപാധിയും വെച്ചിട്ടില്ല. ഒന്നും ഏകപക്ഷീയമായി തീരുമാനിക്കാന്‍ സാധിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ഇന്ന് കന്റോണ്‍മെന്റ് ഹൗസിലാണ് പി വി അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

Content Highlights: p v anvar Reaction over udf entry and nilambur election

To advertise here,contact us
To advertise here,contact us
To advertise here,contact us