ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ മമ്മൂട്ടി. ഹൃദയഭേദകമായ സംഭവങ്ങളാണ് പഹൽഗാമിൽ നടന്നതെന്നും വാക്കുകൾ നഷ്ടമാകുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ സായുധസേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
'പഹൽഗാം ഭീകരാക്രമണം തീർത്തും ഹൃദയഭേദകമാണ്. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്. ദുഃഖത്തിലും ഐക്യദാർഢ്യത്തിലും ഒറ്റക്കെട്ടായി നിൽക്കുന്നു. ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല', മമ്മൂട്ടി കുറിച്ചു.
വിനോദ സഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി രംഗത്ത് എത്തിയിരുന്നു. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു.
ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനോടകം തന്നെ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് രംഗത്ത് വന്നിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
Content Highlights: Mammootty condemns Pahalgam terror attack