സംശയത്തിനിടയാക്കിയത് കുഞ്ഞിന്‍റെ മലയാളം; ബസിൽ കയറിയതുമുതൽ അടുപ്പം; കയ്യടിനേടി കണ്ടക്ടറുടെ ഇടപെടൽ

നാടോടി സ്ത്രീയോടൊപ്പം കുട്ടിയെ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ അനീഷ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു

കൊല്ലം: കൊല്ലത്ത് നിന്നും നാടോടി സ്ത്രീ തട്ടികൊണ്ടുപോയ കുഞ്ഞിന് രക്ഷകനായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അനീഷിന്റെ ഇടപെടല്‍ കയ്യടി നേടിയിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പന്തളത്ത് നിന്നുമാണ് നാല് വയസ്സുകാരിയെയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ നാടോടി സ്ത്രീയെയും പൊലീസ് കണ്ടെത്തിയത്. നാടോടി സ്ത്രീയോടൊപ്പം കുട്ടിയെ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ അനീഷ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടി മലയാളവും സ്ത്രീ തമിഴും സംസാരിക്കുന്നത് കേട്ടപ്പോള്‍ കണ്ടക്ടര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ടിക്കറ്റ് ആവശ്യപ്പെട്ട കണ്ടക്ടര്‍ സ്ത്രീയില്‍ നിന്നും ചില വിവരങ്ങളും ചോദിച്ചറിയാന്‍ ശ്രമിച്ചിരുന്നു. കൈയ്യില്‍ പണമില്ലാത്തതിനാല്‍ പന്തളത്തിനടുത്ത് ഇറക്കിവിടാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കുട്ടിയെ തട്ടികൊണ്ടുവന്നതാകാമെന്ന സംശയത്തില്‍ കണ്ടക്ടര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് നേരെ പന്തളം സ്റ്റേഷനിലെത്തിച്ച് സ്ത്രീയെയും കുട്ടിയെയും പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ബസില്‍ കയറിയപ്പോള്‍ തന്നെ കുഞ്ഞ് കണ്ടക്ടറുമായി അടുപ്പം കാണിച്ചിരുന്നുവെന്നതും കൗതുകമായി. ബസിലേക്ക് കയറിയപ്പോള്‍ തന്നെ കുഞ്ഞ് കണ്ടക്ടറുടെ കൈയ്യില്‍ പിടിക്കുകയായിരുന്നു. ശേഷം വാത്സല്യം കാട്ടി കണ്ടക്ടറുടെ സീറ്റിനരികെ ഇടംപിടിക്കുകയുമായിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു കുഞ്ഞിനെ കാണാതാവുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്‌ക്കൊപ്പം കൊല്ലം ബീച്ചിലെത്തിയതായിരുന്നു കുട്ടി. ഇവിടെ നിന്നും നാടോടി സ്ത്രീയായ ദേവി (35) കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ദേവി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Content Highlights: kidnapped child's Malayalam Talk gives hint to ksrtc conductor kollam panthalam

To advertise here,contact us