കേന്ദ്രം ഒരു ഘട്ടത്തിലും കേരളത്തെ സഹായിച്ചില്ല; പകരം പക പോക്കുകയായിരുന്നു: മുഖ്യമന്ത്രി

സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ കാസർകോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കാസർഗോഡ്: കേന്ദ്രത്തിനെതിരെ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട് ഇന്ത്യ രാജ്യത്തിന്റെ ഭാഗമാണ്. ഇന്ത്യാ രാജ്യത്ത് ഉള്ളതിന്റെ പങ്കിൽ നമ്മുക്കും അവകാശമുണ്ട്. പക്ഷേ കേന്ദ്രം അതിന് തടസം നിൽക്കുകയാണ്. കേന്ദ്രം ഒരു ഘട്ടത്തിലും സഹായിച്ചില്ലെന്നും പകരം പക പോക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ കാസർകോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദുരന്തങ്ങളിലും മഹാമാരികളിലും ഒരു ഘട്ടത്തിലും കേരളത്തിന് കേന്ദ്ര സഹായം ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു നാടിന് പ്രതിസന്ധികളുണ്ടായാൽ, ഒരു സംസ്ഥാനത്തിനുണ്ടായാൽ, ആ സംസ്ഥാനത്തിന്റെ കൂടെ ചേർന്ന് നിന്നുകൊണ്ട് അതിൽനിന്ന് അതിജീവനം നേടാൻ സഹായിക്കാൻ ബാധ്യതയുള്ള സർക്കാരാണ് കേന്ദ്രസർക്കാർ. നിർഭാഗ്യകരമെന്ന് പറയട്ടെ, ഒരു ഘട്ടത്തിലും ആവശ്യമായ സഹായങ്ങൾ ലഭിച്ചില്ല. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം തീർത്തും നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഒമ്പത് വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾക്കാണ് തുടക്കമായത്. വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുസ്തകം 'നവകേരളത്തിൻ്റെ വിജയ മുദ്രകൾ' ചടങ്ങില്‍ പ്രകാശനം ചെയ്തു.

Content Highlights: pinarayi vijayan against central government

To advertise here,contact us