ഷൈനിനും ശ്രീനാഥ് ഭാസിക്കും കുരുക്ക് മുറുകുന്നു; ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇരുവരെയും ഉടൻ ചോദ്യം ചെയ്യും

മുഖ്യപ്രതി തസ്ലീമയെ അറിയാമെന്ന് ഷൈൻ മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള നീക്കം

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയേയും പൊലീസ് ഉടൻ ചോദ്യം ചെയ്യും. മുഖ്യപ്രതി തസ്ലീമയെ അറിയാമെന്ന് ഷൈൻ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള നീക്കം.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്‌ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്‌ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു.

തുടർന്ന് തസ്ലീമയുടെ ഭർത്താവ് സുല്‍ത്താനെയും എക്സൈസ് പിടികൂടിയിരുന്നു. തമിഴ്‌നാട് -ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് സുല്‍ത്താനെ പിടികൂടിയത്. കേസിലെ മുഖ്യ കണ്ണിയായിരുന്നു സുല്‍ത്താന്‍.

സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് നടന്നതെന്നായിരുന്നു തസ്‌ലീമയെ പിടികൂടിയതിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു.

To advertise here,contact us