'ഷൈനെ തേടി തമിഴ്നാട്ടിലേക്ക് പോകേണ്ട കാര്യമില്ല'; പൊലീസ് ഇന്ന് നോട്ടീസ് നൽകും

ഷൈനിന്റെ വീട്ടിലെത്തിയാവും നോട്ടീസ് നൽകുക

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്ക്‌ പൊലീസ് ഇന്ന് നോട്ടീസ് നൽകും. ഷൈൻ്റെ വീട്ടിലെത്തിയാവും നോട്ടീസ് നൽകുക. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെടും. ഷൈനെ തേടി തമിഴ്നാട്ടിലേക്ക് പോകേണ്ട കാര്യമില്ലെന്നും കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി. ഷൈൻ ടോം ചാക്കോ ഇന്നലെ രാത്രി പൊള്ളാച്ചിയിൽ എത്തിയതായാണ് വിവരം. നടൻ തമിഴ്നാട്ടിലാണെന്നാണ് ഷൈൻ ടോം ചാക്കോയുടെ ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത്. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു. പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്.

നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരിൽ ഡാൻസാഫ് സംഘം എത്തിയത്. ഇയാൾ നടൻ ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഡാൻസാഫ് സംഘം അകത്തുകയറിയത്. റൂം സർവീസെന്ന് പറഞ്ഞാണ് ഡാൻസാഫ് ടീം റൂമിൽ ബെല്ലടിച്ചത്. ഇവിടെ സർവീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈൻ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.

അതേസമയം, ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഇതിൽ ഒരാളുമായി ഷൈനിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി. ഷൈൻ ആഡംബര ഹോട്ടലിലേക്ക് ബൈക്കിലാണ് എത്തിയത്. ബൈക്ക് പുറത്ത് നിർത്തിയ ശേഷം ഉള്ളിലേക്ക് നടന്ന് കയറി. ആഡംബര ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ശേഷം ഓൺലൈൻ ടാക്സിയിൽ കടന്നു കളയുകയായിരുന്നു. ഷൈനിനെ ആഡംബര ഹോട്ടലിൽ എത്തിച്ച ബൈക്ക് യാത്രികനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണത്തിൽ നടി വിൻ സി അലോഷ്യസിൽ നിന്നും വിവരങ്ങൾ തേടാനുള്ള നീക്കം എക്സൈസ് ഉപേക്ഷിച്ചു. വിൻ സിയുടെ ഭാഗത്ത് നിന്നും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണിത്. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും എക്സൈസ് വ്യക്തമാക്കി. എറണാകുളം എക്സൈസ് വിഭാഗത്തിന്റേതാണ് തീരുമാനം.

ഒരു നടൻ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻ സി അലോഷ്യസ് വെളിപ്പെടുത്തിയത് വളരെ വിവാദമായിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തൽ. പിന്നാലെ സിനിമാ സംഘടനകൾക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലൂടെയാണ് നടൻ ഷൈൻ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്.

Content Highlights: Police to issue notice to actor Shine Tom Chacko today

To advertise here,contact us