പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നു മുതൽ നിരക്ക് വർധന; പ്രദേശവാസികളിൽ നിന്ന് ടോൾ പിരിച്ചാൽ തടയുമെന്ന് നാട്ടുകാർ

പ്രദേശവാസികൾക്കുള്ള സൗജന്യ യാത്ര ഇന്നു മുതൽ നിർത്തലാക്കുമെന്നും ഏഴര കിലോമീറ്റർ പരിധിയിലുള്ള അപേക്ഷ നൽകിയവർക്ക് മാത്രമേ സൗജന്യം അനുവദിക്കുകയുള്ളൂവെന്നുമാണ് ടോൾ കമ്പനി പറയുന്നത്

തൃശ്ശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നു മുതൽ ടോൾ നിരക്കിൽ വർധന. ടോൾ പിരിവ് ആരംഭിച്ചത് മുതൽ ഇത് അഞ്ചാം തവണയാണ് പന്നിയങ്കരയിൽ നിരക്ക് വർധനയുണ്ടാവുന്നത്. കാർ, ജീപ്പ് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കാണ് ടോൾ നിരക്ക് കൂട്ടിയത്. എന്നാൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിച്ചാൽ തടയുമെന്ന് നാട്ടുകാർ വ്യക്തമാക്കി.

പ്രദേശവാസികൾക്കുള്ള സൗജന്യ യാത്ര ഇന്നു മുതൽ നിർത്തലാക്കുമെന്നും ഏഴര കിലോമീറ്റർ പരിധിയിലുള്ള അപേക്ഷ നൽകിയവർക്ക് മാത്രമേ സൗജന്യം അനുവദിക്കുകയുള്ളൂവെന്നുമാണ് ടോൾ കമ്പനി പറയുന്നത്. നാട്ടുകാരിൽ നിന്ന് ടോൾ പിരിച്ചാൽ ടോൾ പ്ലാസ ഉപരോധിക്കുമെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനകീയവേദി ഭാരവാഹികളും അറിയിച്ചു.

ടോളിന് സമീപത്തുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്ത് പിരിധിയിലുള്ളവർക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. ഇതാണ് കരാർ കമ്പനി നിർത്താലാക്കുന്നത്. പന്നിയങ്കരയിൽ മറ്റു ടോൾ പ്ലാസകളിൽ ഉള്ളതിനെക്കാൾ കൂടിയ നിരക്കാണ് ചുമത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാവാതെ ടോൾ നിരക്ക് വർധിപ്പിച്ചതിലും പ്രതിഷേധം ഉയരുന്നുണ്ട്.

Content Highlights: Toll rates increase at Panniyankara toll plaza from today

To advertise here,contact us