'അജണ്ട വെളിച്ചത്തായതിന്റെ ജാള്യത; എമ്പുരാൻ ആർഎസ്എസിന്റെ നരേറ്റീവിനെ തകർക്കുന്ന ചിത്രം': കെ സി വേണുഗോപാൽ

വസ്തുതപരമായ ചില കാര്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ടോ എന്ന ആശങ്കയാണ് ആര്‍എസ്എസിനെന്നും കെ സി വേണുഗോപാല്‍

തിരുവനന്തപുരം: എമ്പുരാന്‍ സിനിമയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. സങ്കല്‍പിക കഥയാണെന്ന് പറയുമ്പോഴും ആര്‍എസ്എസ് എന്തിന് വിറളി പിടിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. സങ്കല്‍പികമല്ലെന്ന് ആര്‍എസ്എസ് വിശ്വസിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദം. വസ്തുതപരമായ ചില കാര്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ടോ എന്ന ആശങ്കയാണ് ആര്‍എസ്എസിനെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ആര്‍എസ്എസ് സംസ്ഥാനത് ഉണ്ടാക്കിയ നരേറ്റീവിനെ തകര്‍ക്കുന്നതാണ് എമ്പുരാനെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അജണ്ട വെളിച്ചത്തായതിന്റെ ജാള്യതയാണ് കണ്ടത്. പൃഥ്വിരാജിനും മോഹന്‍ലാലിനും ചാര്‍ത്തിക്കൊടുക്കുന്ന പരിവേഷം എന്താണെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഇഷ്ടമില്ലാത്തത് പറഞ്ഞതുകൊണ്ടാണ് പൃഥ്വിരാജിനെതിരായ ആക്രമണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. .

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയത സിനിമയില്‍ പറഞ്ഞുവെയ്ക്കുന്നുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.. വെട്ടിക്കളയുന്ന ഭാഗങ്ങള്‍ ആയിരിക്കും ജനങ്ങള്‍ തിരഞ്ഞുപിടിക്കുക. സിനിമയെ സിനിമയായി കാണാന്‍ ആദ്യം തയ്യാറായകണം. സിനിമയെ സിനിമയായി കാണാന്‍ കഴിയാത്തത് അജണ്ട പുറത്തായതുകൊണ്ടാണെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- k c venugopal about empuraan controversy

To advertise here,contact us