എമ്പുരാനെ പിന്തുണച്ചു; പിന്നാലെ സൈബർ ആക്രമണം;സിനിമയില്ലേൽ തട്ടുകടയിട്ടും ജീവിക്കുമെന്ന് സീമാ ജി നായരുടെ മറുപടി

'ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവുവെയ്ക്കാന്‍ ഉള്ളതല്ല'

തിരുവനന്തപുരം: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നടി സീമാ ജി നായര്‍ക്കെതിരെ സൈബര്‍ ആക്രമണം. സീമ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് മോശം കമന്റുമായി എത്തിയത്. സിനിമയില്‍ അവസരം കുറഞ്ഞതിനാല്‍ സുഖിപ്പിച്ച് പോസ്റ്റിടുന്നു എന്നായിരുന്നു ചിലരുടെ വിമര്‍ശനം. ഇതിന് പിന്നാലെ വിമര്‍ശിച്ചവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി സീമ മറ്റൊരു പോസ്റ്റും പങ്കുവെച്ചു.

എമ്പുരാനിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സംഘപരിവാറിനെ ചൊടിപ്പിച്ചത്. ചിത്രം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. വിവാദം പുകയുന്നതിനിടെയാണ് ചിത്രത്തിന് പിന്തുണയുമായി സീമാ ജി നായര്‍ രംഗത്തെത്തിയത്. ആവിഷ്‌കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവുവെയ്ക്കാനുള്ളതല്ലെന്ന് സീമ ഫേസ്ബുക്കില്‍ കുറിച്ചു. ഓച്ഛാനിച്ച് നില്‍ക്കുന്ന കാലഘട്ടമൊക്കെ മാറി. കഴുത്ത് കുനിച്ച് നിര്‍ത്തി, കഴുത്തുവെട്ടുന്ന രീതി കേരളത്തില്‍ വിലപ്പോകില്ല. സിനിമ സിനിമയായി മുന്നോട്ടുപോകണമെന്നും സീമ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഈ പോസ്റ്റിന് താഴെയായിരുന്നു അസഭ്യവര്‍ഷം.

സീമ ഫേസ്ബുക്കില്‍ പങ്കുവെച്ച ആദ്യ പോസ്റ്റ്

ആരെ പേടിക്കാനാണ്, ധൈര്യമായിട്ട് മുന്നോട്ട്. എത്രയൊക്കെ Hate campaign വന്നാലും കാണേണ്ടവര്‍ ഇത് കാണും. പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നില്‍ക്കുന്ന കാലഘട്ടം. ഇപ്പോള്‍ ഒരുപാട് ദൂരം മുന്നോട്ടുപോയിരിക്കുന്നു. ആരെ, ആരാണ് പേടിക്കേണ്ടത്, കൈകെട്ടി, കഴുത്തുകുനിച്ചു നിര്‍ത്തി, കഴുത്തു വെട്ടുന്ന രീതി അത് കേരളത്തില്‍ വിലപ്പോകില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവുവെയ്ക്കാന്‍ ഉള്ളതല്ല. പറയേണ്ടപ്പോള്‍, പറയേണ്ടത്, പറയാന്‍ ധൈര്യം കാണിച്ച നിങ്ങള്‍ക്കിരിക്കട്ടെ കൈയടി. ഇവിടെ ആര്‍ക്കാണ് പൊള്ളിയത്, ആരുടെ പേര് ആരെങ്കിലും പറഞ്ഞോ, കോഴികട്ടവന്റെ തലയില്‍ പപ്പാണെന്നും പറഞ്ഞു എന്തിനീ ബഹളം. സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ. ഇതിനിടയില്‍ തമ്മില്‍ അടിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ വളരെയേറെ. നന്നായി ആലോചിച്ചിട്ടാണി പോസ്റ്റ്. പോരട്ടങ്ങനെ പോരട്ടെ, തെറി കൂമ്പാരങ്ങള്‍ പോരട്ടെ. എല്ലാവര്‍ക്കും എന്തോ കൊള്ളുന്നുവെങ്കില്‍ അതില്‍ എന്തോ ഇല്ലേ?. ഒന്നും ഇല്ലെങ്കില്‍ മിണ്ടാതിരുന്നാല്‍ പോരെ? ആരൊക്കെ ആരുടെ അച്ഛന് വിളിച്ചാലും, ഒറ്റ അച്ഛന് പിറന്നവര്‍ മുന്നോട്ട്. (തെറി പാര്‍സെലില്‍ വരുന്നുണ്ട്, പോസ്റ്റ് ഇട്ടതെ ഉള്ളൂ. സൂപ്പര്‍ ആണ്. എന്റെ പ്രിയപ്പെട്ടവര്‍ ആരും കമന്റ് വായിക്കല്ലേ. കുറച്ചൊക്കെ ഞാന്‍ റിപ്ലൈ കൊടുക്കുന്നുണ്ട്. ഉറക്കം വരുമ്പോള്‍ പോയി കിടക്കുമെ. എന്റെ പൊന്നോ എന്റെ അപ്പൂപ്പന്‍ വരെ പരലോകത്തു നിന്ന് ഇറങ്ങി വരും) അത്രക്കും ഉണ്ട്.. പറ്റാത്തത് ഞാന്‍ ഡിലീറ്റ് ചെയ്യുമേ.

ഇതിന് പിന്നാലെയാണ് സീമ രണ്ടാമത്തെ പോസ്റ്റ് പങ്കുവെച്ചത്. തെറിയുടെ പൂമൂടല്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടെന്നും സീമ പറഞ്ഞു. ആരൊക്കെ തെറി വിളിച്ചാലും എങ്ങും ഏശില്ല. അത്രയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ട് നീക്കിയിട്ടുള്ളത്. സിനിമയില്‍ ചാന്‍സ് കിട്ടാന്‍ ഇതുവരെ ആരെയും സോപ്പിട്ട് നിന്നിട്ടില്ല. സിനിമയില്ലെങ്കില്‍ സീരിയല്‍. അതുമില്ലെങ്കില്‍ നാടകം. ഇതൊന്നുമല്ലെങ്കില്‍ ഒരു തട്ടുകട തുടങ്ങും. ജീവിക്കാന്‍ അതുമതിയാകും. സിനിമാ നടിയായി സപ്രമഞ്ച കട്ടിലില്‍ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും സീമ കൂട്ടിച്ചേര്‍ത്തു.

Content Highlights- Seema g nair relply after cyber attack over fb post to support movie empuraan

To advertise here,contact us