സംസ്ഥാനത്ത് മദ്യ വില്‍പ്പനയില്‍ വര്‍ധനവ്; നിരോധിത ലഹരിവേട്ട ബെവ്‌കോയ്ക്ക് ചാകരയായോ?

ലഹരി പരിശോധന കടുപ്പിച്ചതോടെയാണ് മദ്യവില്‍പ്പന വര്‍ധിച്ചതെന്നാണ് കരുതുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ വര്‍ധനവ്. കഴിഞ്ഞ രണ്ട് മാസത്തില്‍ ബിവറേജസ് വഴി 97 കോടി രൂപയുടെ അധിക മദ്യ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ആകെ വില്‍പ്പന 2,137കോടി ആയിരുന്നു. ഈ വര്‍ഷം ഇക്കാലയളവില്‍ മദ്യ വില്‍പ്പന 2,234 കോടി രൂപ ആയി ഉയര്‍ന്നു. ബാര്‍ വഴിയുള്ള മദ്യവില്‍പ്പനയിലും വര്‍ധനവുണ്ട്. മദ്യ വില വര്‍ധനയും റംസാനും കാരണം വില്‍പ്പന കുറയുമെന്നായിരുന്നു കണക്കുകൂട്ടല്‍. ലഹരി പരിശോധന കടുപ്പിച്ചതോടെയാണ് മദ്യവില്‍പ്പന വര്‍ധിച്ചതെന്നാണ് കരുതുന്നത്.

ലഹരിക്കെതിരായ കേരള പൊലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ ഇതുവരെ പിടിയിലായത് 7539 പേരാണ്. ഇതില്‍ 7265 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 5328 ഉം എന്‍ ഡി പി എസ് ആക്ടിന് കീഴില്‍ വരുന്ന കേസുകളാണ്. ഡി ഹണ്ടിന്റെ ഭാഗമായി 72980 പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ പരിശോധിച്ചു. 3.98 കിലോഗ്രാം എം ഡി എം എയും 468. 84 കിലോഗ്രാം കഞ്ചാവുമാണ് ഇതുവരെ പിടിച്ചെടുത്തത്.

Content Highlights: Increase in liquor sales in Kerala

To advertise here,contact us