തൊടുപുഴ കൊലപാതകം: ഗോഡൗണിനുള്ളിൽ മൃതദേഹം കുഴിച്ചിടുമ്പോൾ പൊലീസ് പുറത്ത്, എത്തിയത് കാപ്പ പ്രതിയെ പിടിക്കാൻ

പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കലയന്താനി–ചെലവ് റോഡിലെ ഗോഡൗണിനു മുന്നിലായിരുന്നു

തൊടുപുഴ: തൊടുപുഴ ബിജു ജോസഫിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിജുവിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയിൽ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. കാപ്പ കേസിലെ പ്രതിയായ ആഷിക് ജോൺസനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കലയന്താനി–ചെലവ് റോഡിലെ ഗോഡൗണിനു മുന്നിലായിരുന്നു. ഇവിടെ നിന്നാണു പറവൂർ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളയാളാണ് ആഷിക് എന്ന വിവരം ആ സമയം പൊലീസിന് അറിയില്ലായിരുന്നു. ബിജുവിൻ്റെ കൊലപാതകത്തിൽ അഷിക്കിന് ബന്ധമുണ്ടെന്ന് പിന്നീടാണ് പൊലീസ് കണ്ടെത്തിയത്.

ഈ സമയത്ത് തന്നെയാണ് ഗോഡൗണിന് അകത്ത് മാലിന്യക്കുഴിയിൽ ബിജുവിൻ്റെ മൃതദേഹം മറ്റു പ്രതികൾ കുഴിച്ചിടുന്നത്. എന്നാൽആഷിക്കിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് എറണാകുളത്തേക്ക് പോയെങ്കിലും കൊലപാതകത്തെ സംബന്ധിച്ച് സൂചന ലഭിച്ചില്ല. ശേഷംമുഖ്യപ്രതി ജോമോനെ ഉൾപ്പടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിൽ ആഷിഖിന്റെ പങ്കും പൊലീസിന് വ്യക്തമായത്. അധികം ആൾ താമസമില്ലാത്ത സ്ഥലത്താണ് ഗോഡൗൺ. അതിൽ തന്നെ അഞ്ചടിയോളം താഴ്ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിലായിരുന്നു ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റിയത്.

മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൊടുവിലാണ് ഇന്നലെ ബിജു ജോസഫിന്റെ മൃതദേഹം അന്വേഷണ സംഘം കണ്ടെത്തിയത്. മൃതദേഹം നനഞ്ഞ് രൂപം മാറിയ നിലയിലായിരുന്നതിനാൽ മാൻഹോളിലൂടെ പുറത്തെടുക്കാൻ സാധിച്ചില്ല. കെട്ടിടത്തിന്റെ പിൻവശം പൊളിച്ച ശേഷം ആണ് മൃതദേഹം പുറത്തെടുത്തത്.

Content Highlights :More details emerge in Thodupuzha Biju Joseph's murder case

To advertise here,contact us