ഭക്തിസാന്ദ്രം തലസ്ഥാനം; പൊങ്കാലയിട്ട് പ്രതിഷേധിക്കാൻ ആശമാർ

അമ്പതോളം വരുന്ന ആശാ പ്രവർത്തകരാണ് ഇന്ന് പൊങ്കാലയിട്ട് സമരം നടത്തുന്നത്.

തിരുവനന്തപുരം: ഭക്തജനലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് ഇന്ന് പൊങ്കാല അർപ്പിക്കുമ്പോൾ ഒരു മാസക്കാലമായി തിരുവനന്തപുരത്ത് പ്രതിഷേധിക്കുന്ന ആശമാരും ഇന്ന് പൊങ്കാലയിടും. ആശമാരുടേത് പ്രതിഷേധ പൊങ്കാലയാണ്. സർക്കാരിൻ്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് സമരത്തിനിറങ്ങിയിരിക്കുന്ന സ്ത്രീകൾ ഇടുന്നത്. തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും തങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങൾ ഉറച്ച് നിൽക്കുകയാണെന്നും ആശമാർ പറയുന്നു. അമ്പതോളം വരുന്ന ആശാ പ്രവർത്തകരാണ് ഇന്ന് പൊങ്കാലയിട്ട് സമരം നടത്തുന്നത്. സമരപൊങ്കാലയാണെന്ന് ആശമാർ പറയുമ്പോഴും, തങ്ങളുടെ ഒരു പ്രാർത്ഥന കൂടെയാണെന്ന് അവർ കൂട്ടിചേർക്കുന്നുണ്ട്. സർക്കാർ‌ തങ്ങളെ നോക്കുന്നില്ലെന്നും അവരുടെ ഭാ​ഗത്ത് നിന്ന് ഒരു പിടിവാശിയാണ് കാണുന്നതെന്നുമാണ് ആശമാർ പറയുന്നത്.

അതേസമയം, രാവിലെ രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10:15നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. ഇന്ന് രാത്രി 7.45ന്‌ കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. നാളെ രാവിലെ എട്ടിന്‌ അകത്തെഴുന്നള്ളിപ്പും 10ന്‌ കാപ്പഴിക്കൽ ചടങ്ങും നടക്കും. രാത്രി ഒന്നിന്‌ കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന്‌ സമാപനമാകും.

മുൻവർഷങ്ങളിൽ എത്തിച്ചേർന്നതിലും കൂടുതൽ ഭക്തജന തിരക്ക് ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നലെ വൈകിട്ട് ദേവീദർശനത്തിനായി നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. പൊങ്കാലയർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ന​ഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ക്ലബ്ബുകളും റസിഡൻ്റ്സ് അസോസിയേഷനുകളും ഭക്തർക്ക് പൊങ്കാല അർപ്പിക്കുന്നതിനായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി നിരവധി അടുപ്പുകളും നിരന്നിട്ടുണ്ട്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Content Highlights : Asha plans to protest by throwing a Pongala

To advertise here,contact us