'ശരീരഭാരം വെറും 25കിലോ മാത്രം, വിശപ്പില്ലായിരുന്നു'; ശ്രീനന്ദയ്ക്ക് 'അനോറെക്‌സിയ നെർവോസ' ആയിരുന്നെന്ന് ഡോക്ടർ

അനോറെക്‌സിയ നെര്‍വോസ സൈക്യാട്രിക് ഡിസോഡറാണെന്നും ഡോക്ടര്‍ പറയുന്നു

icon
dot image

കണ്ണൂര്‍: കൂത്തുപറമ്പ് മെരുവമ്പായി സ്വദേശിനി ശ്രീനന്ദ മരിക്കുമ്പോള്‍ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ നാഗേഷ്. രക്തസമ്മര്‍ദവും ഷുഗര്‍ ലെവലുമെല്ലാം താഴ്ന്ന നിലയിലായിരുന്നു. പേശീഭാരം തീരെയില്ലാത്ത അവസ്ഥയിലാണ് പതിനെട്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഒരുഘട്ടത്തില്‍ വിശപ്പെന്ന വികാരം പോലും പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. 'അനോറെക്‌സിയ നെര്‍വോസ' എന്ന സൈക്യാട്രിക് സാഹചര്യത്തിലൂടെ പെണ്‍കുട്ടി കടന്നുപോയി. ഇക്കാര്യം കുടുംബത്തിന് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ഡോക്ടര്‍ പറയുന്നു.

മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രീനന്ദ. വണ്ണം കൂടുതലാണെന്ന ധാരണയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രീനന്ദ യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതായി വിവരമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യപ്രശ്‌നം നേരിട്ടതോടെയാണ് ശ്രീനന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം ശ്രീനന്ദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ഇതിന് ശേഷം കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.

ശ്രീനന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശരീരഭാരം 20-25 കിലോഗ്രാം മാത്രമായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. ഐസിയുവിലാണ് പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദത്തിന്റെ ലെവര്‍ 70 ആയിരുന്നു. ഷുഗര്‍ ലെവര്‍ 45 ഉം സോഡിയത്തിന്റെ ലെവല്‍ 120 ഉം ആയിരുന്നു. പേശീഭാരം തീരെയുണ്ടായിരുന്നില്ല. എല്ലും തോലുമായ അവസ്ഥയിലായിരുന്നു പെണ്‍കുട്ടിയെന്നും ഡോക്ടര്‍ പറഞ്ഞു.

അനോറെക്‌സിയ നെര്‍വോസ സൈക്യാട്രിക് ഡിസോഡറാണെന്നും ഡോക്ടര്‍ പറയുന്നു. ആരെങ്കിലും ഒരാളെ 'തടിയാ, തടിച്ചി' എന്ന് വിളിച്ചാല്‍ അതിന് പിന്നാലെ തടി കുറയ്ക്കാന്‍ ശ്രമിക്കുകയും ഭക്ഷത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ഇതിന് പിന്നാലെ വിശപ്പ്, ദാഹം എന്നുള്ള വികാരം തന്നെ ഇല്ലാതാകും. ഇത് ഡ്രിപ്രഷന്‍ പോലെയുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് മാറും. തുടക്കത്തില്‍ ചികിത്സ തേടിയാല്‍ ഇതിന് പരിഹാരം കാണാന്‍ കഴിയുമെന്നും ഡോക്ടര്‍ പറഞ്ഞു.

Content Highlights- doctor about sreenandha who died after over diet in kannur

To advertise here,contact us
To advertise here,contact us
To advertise here,contact us