അഫാനെ കാണണമെന്ന് മാതാവ്; കൊലപാതക പരമ്പര ഷെമിയെ അറിയിച്ചു

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനെ കാണണമെന്ന് ആവശ്യപ്പെട്ട് ചികിത്സയിലുള്ള മാതാവ് ഷെമി. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റി. ഷെമിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അഫാന്റെ കൊലപാതക പരമ്പരയെ കുറിച്ച് ഷെമിയെ ബന്ധുക്കള്‍ അറിയിക്കുകയും ചെയ്തു.

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്ന് അഫാന്‍ കരുതിയിരുന്നു.

ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. മാതാവിനെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാന്‍ നടത്തിയത്. സാമ്പത്തിക പ്രശ്നമാണ് അഫാനെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

Content Highlights: Venjaramoodu case mother asked to see accused Afan

To advertise here,contact us