'കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബദൽ കൊണ്ടുവരാൻ പിണറായി സർക്കാരിന് സാധിച്ചു';പ്രശംസിച്ച് കാരാട്ട്

ഫെഡറലിസത്തിന്റെ അനിവാര്യതയ്ക്ക് കേരളത്തിലെ പാര്‍ട്ടിയേയും സര്‍ക്കാറിനേയും ശക്തിപ്പെടുത്തണമെന്ന് പ്രകാശ് കാരാട്ട്

കൊല്ലം: ചരിത്രപരമായ പോരാട്ടങ്ങളിലൂടെ കരുത്താര്‍ജ്ജിച്ച പാര്‍ട്ടിയാണ് കേരളത്തിലെ സിപിഐഎമ്മെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര സര്‍ക്കാരിന്റെ നവ ഉദാരവത്കരണ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചെന്നും അദ്ദേഹം പ്രശംസിച്ചു. ഹിന്ദുത്വ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്ത്. 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെഡറലിസത്തിന്റെ അനിവാര്യതയ്ക്ക് കേരളത്തിലെ പാര്‍ട്ടിയേയും സര്‍ക്കാറിനേയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും സീതാറാം യെച്ചൂരിയുടെ വിയോഗം അസാധാരണ സാഹചര്യമായിരുന്നുവെന്നും പ്രകാശ് കാരാട്ട് ഓര്‍മിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരിക്കേ വിടവാങ്ങുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നൊരുക്കങ്ങള്‍ക്കിടയിലാണ് യെച്ചൂരി മരിച്ചതെന്നും കാരാട്ട് പറഞ്ഞു.

Also Read:

Kerala
പെൺകുട്ടിയുമായി പ്രണയം; 22-കാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ നാല് പേർക്കെതിരെ കേസ്

അമേരിക്കയെ വിമര്‍ശിച്ചും ചൈനയെ പിന്തുണച്ചും പ്രകാശ് കാരാട്ട് പ്രസംഗിച്ചു. സാമ്പത്തിക നയങ്ങള്‍ അമേരിക്ക പരിഷ്‌ക്കരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് ആധിപത്യമില്ലെന്ന് ട്രംപ് സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'സാമ്രാജ്യത്വ ആധിപത്യം അമേരിക്കയിലൂടെ നടപ്പിലാക്കാന്‍ ട്രംപ് ശ്രമിക്കുന്നു. ഓരോ പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്ക ശ്രമിക്കുന്നു. അമേരിക്ക ചൈനയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഭാഗമായാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചത്', അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ താരിഫ് തീരുമാനങ്ങള്‍ ലോകത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. വലിയ വ്യാപാര യുദ്ധത്തിന് തന്നെ ഇത് വഴിവെക്കുമെന്നും പറഞ്ഞ കാരാട്ട് ലോകത്ത് ഇടതുപക്ഷം കരുത്താര്‍ജ്ജിക്കുന്നുവെന്ന് പറഞ്ഞു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ മുന്നേറ്റം ഉണ്ടായെന്നും ശ്രീലങ്കയിലെ കമ്മ്യൂണിസ്റ്റ് വിജയം ആവേശം പകരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:

Kerala
സനോജും വസീഫും ജെയ്ക്കും സംസ്ഥാന കമ്മിറ്റിയിലേക്ക്; ഐ ബി സതീഷ് എംഎല്‍എയും ഇടം നേടിയേക്കും

ഗാസയില്‍ നടന്ന കൂട്ടക്കുരുതിക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരായി നരേന്ദ്ര മോദി സര്‍ക്കാര്‍ മാറിയെന്നും പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. മോദി സര്‍ക്കാര്‍ ഇസ്രയേലിന് ആയുധം നല്‍കിയെന്നും ഇന്ത്യ എപ്പോഴും പലസ്തീന് ഒപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയാണ് മോദി സര്‍ക്കാര്‍. മോദി സര്‍ക്കാര്‍ തീവ്ര വലതു പക്ഷത്തിന്റെ ഭാഗമാണ്. ഭരണഘടന മാറ്റുകയാണ് ആര്‍എസ്എസ് അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നവഫാസിസമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രം ശത്രുവിനെ പ്രഖ്യാപിക്കുമെന്നും കാരാട്ട് പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന് സിപിഐഎം നിലപാട് എടുത്തതായി വിഡി സതീശന്‍ പറഞ്ഞതായി കണ്ടെന്നും സതീശന്‍ സിപിഐഎം രേഖകള്‍ കൃത്യമായി വായിക്കാത്തത് കൊണ്ടാണ് ആ തെറ്റിദ്ധാരണയെന്നും അദ്ദേഹം പറഞ്ഞു.

'കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കാര്യത്തില്‍ കാണിക്കുന്നത് തരംതാണ രാഷ്ട്രീയം. കേരളത്തില്‍ ബിജെപിയെയും ആര്‍എസ്എസിനെയും ശക്തമായി നേരിടുന്ന പാര്‍ട്ടിയാണ് സിപിഐഎം. ആര്‍എസ്എസ്സിനോട് പൊരുതാന്‍ ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമല്ല. ഹിന്ദുത്വ കോര്‍പ്പറേറ്റ് അജണ്ടകള്‍ക്ക് എതിരെ പോരാടണം', പ്രകാശ് കാരാട്ട് പറഞ്ഞു.

Content Highlights: Prakash Karat inaugurate CPIM State Conference

To advertise here,contact us