പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുപി സ്വദേശികളായ അഞ്ച് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ ഫർഹദ് ഖാൻ, ഹാരൂൺ ഖാൻ, ആഷു, ഫയിം, ഷാഹിദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്

കൊച്ചി: പ്രായപൂർത്തിയാകാത്ത 14 കാരിയായ മലയാളി പെൺകുട്ടിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ച് പ്രതികൾക്ക് ജീവിതാന്ത്യം വരെയുള്ള ഇരട്ട ജീവപര്യന്തം. പെരുമ്പാവൂർ സ്പെഷ്യൽ (പോക്സോ) കോടതിയാണ് ശിക്ഷവിധിച്ചത്. 40 വർഷത്തെ തടവിനും വിധിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ ഫർഹദ് ഖാൻ, ഹാരൂൺ ഖാൻ, ആഷു, ഫയിം, ഷാഹിദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഏലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

2020-ൽ കൊവിഡിൻറെ സമയത്തായിരുന്നു സംഭവം. ഹിന്ദി ഭാഷ നന്നായി സംസാരിച്ചിരുന്ന പെൺകുട്ടിയെ സിം കാർഡ് എടുത്ത് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ സമീപിച്ചത്. തുടർന്ന് പെൺകുട്ടിയെ തനിച്ചും സംഘം ചേർന്നും പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടു പോയി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു. ഹാരൂൺഖാനിന് ഒരു കേസിൽ 40 വർഷത്തെ കഠിന തടവിനും 50,000രൂപ പിഴയും വിധിച്ചു.

ഫർഹദ് ഖാനെ ഒരു കേസിൽ കുറ്റവിമുക്തനാക്കുകയും മറ്റ് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 60 വർഷത്തെ കഠിന തടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. ഷാഹിദ് ഖാന് ഒരു കേസിൽ ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 20 വർഷത്തെ കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ആഷുവിന് ഒരു കേസിൽ 40 വർഷത്തെ കഠിന തടവും 50,000രൂപ പിഴയുമാണ് വിധിച്ചത്.

Also Read:

Kerala
പഠനകാലത്തുണ്ടായ തർക്കത്തിന് രണ്ട് വർഷം കാത്തിരുന്ന് പകവീട്ടൽ; മുഖത്ത് കത്തി കൊണ്ട് കുത്തിയെന്ന് യുവാവ്

ഫയീമിന് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ഇരട്ട ജീവപര്യന്തം കഠിന തടവും 20 വർഷത്തെ കഠിന തടവും, 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. അഞ്ച് കുറ്റപത്രങ്ങളിൽ വിചാരണ പൂർത്തിയാക്കിയാണ് പ്രതികളെ ശിക്ഷിച്ചത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ സിന്ധുവാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. ഏലൂർ പൊലീസ് സ്റ്റേഷനിലെ എസ് സിപിഒ അരുൺകുമാറആണ് നടപടിക്രമങ്ങൾ ഏകോപിപ്പിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിന് കോടതി ഉത്തരവിട്ടിട്ടുണ്ട്. പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി ദിനേശ് എം പിള്ളയാണ് പ്രതികളെ ശിക്ഷിച്ചത്.

Content Highlights: Five accused natives of UP were sentenced to life

To advertise here,contact us