കൊച്ചി: നിരവധി സംഘടനകൾ മുൻപും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തിട്ടുണ്ടെന്ന് ജോയിന്റ് കൗൺസിൽ. വഴി തടഞ്ഞുള്ള സമരങ്ങൾക്കെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ജോയിന്റ് കൗൺസിൽ നിലപാട് അറിയിച്ചിരിക്കുന്നത്. സിപിഐയുടെ ഉദ്യോഗസ്ഥ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ ആണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
2024 സെപ്തംബർ ആറിന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വഴി തടഞ്ഞ് പ്രതിഷേധിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പടെയുള്ളവരും കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുത്തു. റോഡ് പൂർണ്ണമായി തടഞ്ഞായിരുന്നു 2023 ഒക്ടോബർ 30ലെ ബിജെപി പ്രതിഷേധം. യുഡിഎഫ്, ഇടത്, ബിജെപി പോഷക സംഘടനകളും സോളിഡാരിറ്റി, എസ്ഡിപിഐ സംഘടനകളും സിപിഒ റാങ്ക് ഹോൾഡേഴ്സ്, സിഎസ്ഐ സഭ ഉൾപ്പടെയുള്ളവരും സെക്രട്ടേറിയറ്റിന് മുന്നിലെ വഴി തടഞ്ഞുള്ള പ്രതിഷേധ സമരം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെയൊന്നും കോടതിയലക്ഷ്യ ഹർജി നൽകാത്ത ആളാണ് ഹർജിക്കാരൻ. ജോയിന്റ് കൗൺസിലിനെതിരെ മാത്രമുള്ള കോടതിയലക്ഷ്യ ഹർജി കൗതുകകരമാണ് എന്നുമാണ് ജയചന്ദ്രൻ കല്ലിംഗൽ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.
ജോയിന്റ് കൗൺസിൽ സമരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പന്ന്യൻ രവീന്ദ്രനും നിരുപാധികം മാപ്പപേക്ഷ നൽകി. വഞ്ചിയൂരിലെ സിപിഐഎം ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട കേസ് ഉൾപ്പടെയുള്ളവയിലെ കേസിന്റെ വിശദാംശങ്ങളും ഹൈക്കോടതി തേടി. വഴി തടഞ്ഞ സമരങ്ങളിൽ ഏതെല്ലാം കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. കേസെടുത്തതിന്റെ പട്ടിക നൽകാൻ സർക്കാരിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണത്തിന്റെ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണം എന്നുമാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
Content Highlights: The Joint Council said that others have also protested in front of the Secretariat