തിരുവനന്തപുരം: നിയമസഭയില്‍ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനിടെ വാക്പോര്. സ്കൂളുകളില്‍ ലഹരിയും ആക്രമണവും വ്യാപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിയാണെന്നും കേരളം നീരാളി പിടുത്തത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' എന്ന് അഭിസംബോധന ചെയ്താണ് രമേശ് ചെന്നിത്തല സംസാരിച്ചത്.
'രാസ ലഹരിയില്‍ മൂല്യബോധം നഷ്ടപ്പെട്ടവര്‍ എന്ത് ക്രൂരതയും ചെയ്യും. സമൂഹം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്. മയക്കുമരുന്ന് കുട്ടികളുടെ ജീവിതത്തെ തകര്‍ക്കുന്നു. നമ്മുടെ യുവത്വം പുകഞ്ഞ് ഇല്ലാതാകുന്നു. അക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു. ഈ വിപത്തിനെ ഒന്നിച്ച് നിന്ന് എതിര്‍ക്കണം. ലഹരിയെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഇതിന് മുന്നിട്ടിറങ്ങണം', രമേശ് ചെന്നിത്തല പറഞ്ഞു.
വിമുക്തി പരാജയപ്പെട്ട പദ്ധതിയായി മാറിയെന്നും സര്‍ക്കാരിന്റെ വിമുക്തി പദ്ധതി പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലകളില്‍ വിമുക്തിക്ക് കോര്ഡിനേറ്റര്മാരില്ല. ആവശ്യത്തിന് വാഹനമില്ല. വേണ്ട സൗകര്യമില്ല. കേരളത്തില്‍ മദ്യത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നു. കേരളം ലഹരി മാഫിയയുടെ പിടിയിലമരുമ്പോഴാണ് ഡിസ്ലറിയും ബ്രൂവറിയും സര്‍ക്കാര്‍ കൊണ്ട് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാലയങ്ങളില്‍ റാഗിംഗ് വ്യാപകമാണെന്നും നേതൃത്വം നല്‍കുന്നത് എസ്എഫ്ഐയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'റാഗിംഗിന് നേതൃത്വം നല്‍കുന്നത് എസ്എഫ്ഐ. സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയത് ആരാണ്. എസ്എഫ്ഐയെ മുഖ്യമന്ത്രിക്ക് നിയന്ത്രിക്കാമായിരുന്നു. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് എതിരെ ഒരു വാക്ക് പറയാമായിരുന്നു. കൊലപാതക പരമ്പരകള്‍ സമൂഹത്തിന്റെ വൈകല്യത്തെ കാണിക്കുന്നതാണ്. 51 വെട്ടില്‍ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോള്‍ കേരളം നടുങ്ങിയതാണ്. ടി പി കേസിലെ കൊലപാതകത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് സര്‍ക്കാര്‍ പരിഗണന നല്കി. കൊലപാതകികള്‍ മൂന്നുവര്‍ഷം ജയിലിന് പുറത്ത്. പ്രതികള്‍ക്ക് പരോള്‍ നല്കിയപ്പോള് എന്ത് സന്ദേശമാണ് നല്‍കിയത്. കൊലപാതകം നടത്താനാണ് സമൂഹത്തിന് സന്ദേശം നല്‍കിയത്', രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാല്‍ രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനെതിരെ മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യംവെച്ച് അപകടത്തിലേക്ക് കൊണ്ടുപോകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തെ തുറന്ന മനസോടെയാണ് കണ്ടത്. ചെന്നിത്തല രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ മുഖ്യമന്ത്രിയും ക്ഷുഭിതനായി. നാടിന്റെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് ഇടയ്ക്കിടെ പറയുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളിക്കുന്നതില്‍ എന്താണ് തെറ്റെന്ന് തിരിച്ച് ചോദിച്ച ചെന്നിത്തല കൂട്ടക്കൊലപാതകങ്ങളും ലഹരി വ്യാപനവും തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ ലഹരി മാഫിയ അടിച്ചമര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ 9 വര്‍ഷക്കാലം സര്‍ക്കാര്‍ എവിടെയായിരുന്നു. അക്രമകാരികള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കരുത്. സര്‍ക്കാര്‍ ലഹരി മാഫിയയെ അടിച്ചമര്‍ത്തണം. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Content Highlights: Ramesh Chennithala and Pinarayi Vijayan war of words during the discussion on the emergency resolution