തിരുവനന്തപുരം: സമരത്തിന്റെ 22-ാം ദിവസം നിയമസഭാ മാര്‍ച്ചുമായി ആശ വര്‍ക്കര്‍മാര്‍. നിയമസഭയ്ക്ക് മുന്നിലുള്ള റോഡ് പൂര്‍ണമായും തടഞ്ഞു കൊണ്ടായിരുന്നു ആശ വർക്കർമാർ കുത്തിയിരുന്ന് സമരം നടത്തുന്നത്.. ഓരോ ആശ വര്‍ക്കര്‍മാരും സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. ആശ വര്‍ക്കര്‍മാര്‍ എണ്ണം വര്‍ധിപ്പിക്കാന്‍ വേണ്ടി ആളുകളെ ഇറക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചാണ് ആശ വര്‍ക്കര്‍മാര്‍ സമരത്തിനെത്തി ചേര്‍ന്നത്. സമരത്തിന് കനത്ത പൊലീസ് സന്നാഹമൊരുക്കി.
ആശ വര്‍ക്കര്‍മാരുടെ സമരം വടകര എംഎല്‍എ കെ കെ രമ ഉദ്ഘാടനം ചെയ്യും. തൊഴിലാളി വര്‍ഗ സര്‍ക്കാര്‍ മുതലാളിമാരായെന്ന് കെ കെ രമ മാധ്യമങ്ങളോട് പ്രതികരിച്ചു. 'സമരത്തിന്റെ രണ്ടാം ദിവസം തന്നെ ഞാന്‍ വന്നിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ശ്രദ്ധ ചെലുത്തണം. ഓണറേറിയം വര്‍ധിപ്പിക്കുകയെന്ന ഏറ്റവും വലിയ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ചെയ്യണം. സമരത്തെ പുച്ഛിച്ച് തള്ളാനാണ് തൊഴിലാളി വര്‍ഗ സര്‍ക്കാര്‍ തയ്യാറാകുന്നത്. ഇവര്‍ മുതലാളിമാരായി എന്നതിന്റെ തെളിവാണിത്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കണം', കെ കെ രമ ആവശ്യപ്പെട്ടു. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നുണ്ട്.
ഫെബ്രുവരി പത്ത് മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം തുടങ്ങിയത്. ഇതിനിടയില്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ജനുവരി മാസത്തെ കുടിശ്ശികയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശിക വിതരണം പൂര്‍ത്തിയായി. എന്നാല്‍ ഓണറേറിയും വര്‍ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ആശാവര്‍ക്കര്‍മാര്‍ വ്യക്തമാക്കി.
Content Highlights: Asha workers protest in front of Niyamasabha