പ്രഖ്യാപനം കഴിഞ്ഞിട്ട് ആറ് വർഷം, ഇതുവരെ പൂർത്തിയാകാതെ ആറളത്തെ ആന മതിൽ; തെളിയുന്നത് സർക്കാരിന്റെ അലംഭാവം

കരാറുകാരന്റെ അലംഭാവം എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കുറ്റപ്പെടുത്തല്‍

icon
dot image

കണ്ണൂര്‍: ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ സര്‍ക്കാരിന്റെ അലംഭാവവും. പ്രഖ്യാപനം കഴിഞ്ഞ് ആറ് വര്‍ഷം ആകുമ്പോഴും ആന മതില്‍ സ്ഥാപിച്ചില്ല. 2019 ജനുവരി ആറിന് അന്നത്തെ മന്ത്രി എ കെ ബാലനാണ് പദ്ധതി പ്രഖ്യാപിച്ചത്. പട്ടിക വര്‍ഗ വകുപ്പിന്റെ കീഴിലാണ് ആറളം ഫാം.

ബഹുജന പ്രതിഷേധം ഉയര്‍ന്നതോടെ 2023 ഒക്ടോബറില്‍ വീണ്ടും പ്രഖ്യാപനം നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനമെടുത്തത്. 2023 സെപ്റ്റംബര്‍ 30ന് കൊട്ടിഘോഷിച്ചാണ് നിര്‍മാണോദ്ഘാടനം നടത്തിയത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

Also Read:

Kerala
ഇനി വിത്ത് ഔട്ട് അല്ല; റേഷന്‍ കടകളില്‍ ഒരു വര്‍ഷത്തിന് ശേഷം പഞ്ചസാര എത്തുന്നു

എന്നാല്‍ ആനമതില്‍ പദ്ധതിയില്‍ ഇതുവരെ 10.5 കിലോമീറ്റര്‍ ദൂരത്തില്‍ ഇതുവരെ പൂര്‍ത്തിയായത് 4.5 കിലോമീറ്റര്‍ മാത്രമാണ്. നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. എന്നാല്‍ കരാറുകാരന്റെ അലംഭാവം എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കുറ്റപ്പെടുത്തല്‍.

അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് ജനക്കൂട്ടം തടഞ്ഞു. ഇന്നലെയാണ് ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ പോയപ്പോഴാണ് ഇരുവരെയും കാട്ടാന ചവിട്ടിക്കൊന്നത്.

ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ് 13-ാം ബ്ലോക്ക്. ആര്‍ആര്‍ടി ഓഫീസില്‍ നിന്ന് 600 മീറ്റര്‍ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. വെള്ളിയുടേയും ലീലയുടേയും മരണത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

Content Highlights: Elephant wall is not completed in Aralam

To advertise here,contact us
To advertise here,contact us
To advertise here,contact us