'റെയിൽവെ ട്രാക്കിൽ പോസ്റ്റ്‌ വെച്ചത് കാസ്റ്റ് അയൺ എടുക്കാൻ, മദ്യലഹരിയിൽ ആയതിനാൽ ഗൗരവം മനസ്സിലായില്ല'; പ്രതികൾ

കേരള പൊലീസിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ കൈമാറുക

കൊല്ലം: കൊല്ലം റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ്‌ വെച്ച സംഭവത്തിൽ പ്രതികളെ ഇന്ന് റെയിൽവെ പൊലീസിന് കൈമാറും. ഇതിനായി മധുരയിൽ നിന്നുള്ള റെയിൽവെ പൊലീസ് സംഘം കുണ്ടറയിൽ എത്തി. അതേ സമയം, ട്രാക്കില്‍ പോസ്റ്റ് വെച്ചത് കാസ്റ്റ് അയൺ എടുക്കാൻ വേണ്ടിയെന്ന് പ്രതികൾ മൊഴി നൽകി. പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

കാസ്റ്റ് അയൺ വേർപെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ടെലിഫോൺ പോസ്റ്റ് റെയിൽ ട്രാക്കിൽ കൊണ്ടു വെച്ചത്. ടെലിഫോൺ പോസ്റ്റിൽ നിന്ന് കാസ്റ്റ് അയൺ അടിച്ച് പൊട്ടിച്ച് എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ടെലിഫോൺ പോസ്റ്റ് ഉപേക്ഷിച്ച് പോയി. മദ്യലഹരിയിൽ ആയതിനാൽ ചെയ്തതിൻ്റെ ഗൗരവം മനസിലായിരുന്നില്ലെന്നും പ്രതികൾ. കേരള പൊലീസിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ കൈമാറുക. മെഡിക്കൽ നടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. പ്രതികളെ ഇന്നലെ രാത്രി എൻഐഎ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിൽ നിന്നെത്തിയ സംഘമാണ് ചോദ്യം ചെയ്തത്.

പെരുമ്പുഴ സ്വദേശികളായ രാജേഷ്, അരുണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നര മണിയോടെയാണ് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയാള്‍ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ഏഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് മാറ്റിയിടുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ വീണ്ടും പോസ്റ്റ് കണ്ടെത്തി. ഇതോടെ അട്ടിമറി സാധ്യത പൊലീസ് സംശയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ കണ്ടെത്തിയവര്‍ തന്നെയാണ് പ്രതികളെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷും അരുണും പിടിയിലാകുന്നത്.

Also Read:

Kerala
കേരളത്തിൽ വാഹനങ്ങളുടെ എണ്ണം കൂടുന്നു; രണ്ട് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിന് മുകളിൽ വാഹനങ്ങൾ

Content Highlights:Incident of placing telephone post on railway track; NIA questioned the accused, will soon hand them over to the Railway Police

To advertise here,contact us