'അന്തം കമ്മി; ചൊറി പിടിച്ച ലുക്ക്'; കുംഭമേള അനുഭവം പറഞ്ഞ സി കെ വിനീതിന് ഫേസ്ബുക്കില്‍ അസഭ്യവര്‍ഷം

'നീ കുളിക്കാന്‍ ഇറങ്ങാത്തത് നന്നായി, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വട്ടച്ചൊറി വന്നേനെ' എന്ന് തുടങ്ങിയ അധിക്ഷേപങ്ങളാണ് നടക്കുന്നത്

തിരുവനന്തപുരം: കുംഭമേളയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഫുട്‌ബോള്‍ താരം സി കെ വിനീതിനെതിരെ അസഭ്യവര്‍ഷം. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ കുംഭമേളയില്‍ പോയ അനുഭവം വിനീത് പങ്കുവെച്ചിരുന്നു. ചൊറി പിടിച്ച് വരാന്‍ താത്പര്യമില്ലാത്തതിനാല്‍ കുംഭമേള സന്ദര്‍ശിച്ചപ്പോള്‍ കുളിക്കാനിറങ്ങിയില്ലെന്നായിരുന്നു സി കെ വിനീത് പ്രതികരിച്ചത്. സംഭവം വാര്‍ത്തയായതോടെ വിനീത് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ അസഭ്യവര്‍ഷമാണ്.

Also Read:

Kerala
'പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചക്കോടിക്ക് കരുത്തുപകരും, വലിയ പ്രതീക്ഷയുണ്ട്'; പി രാജീവ്

'വിശ്വാസം ഇല്ലാത്ത നീ എന്തിന് കുംഭമേളയ്ക്ക് പോയി, കുളിക്കാത്തവര്‍ അമ്പലത്തില്‍ കയറരുത്, ശുദ്ധിയായിട്ട് വരുന്നവരെ നാറ്റിക്കരുത്, നീ കുളിക്കാന്‍ ഇറങ്ങാത്തത് നന്നായി, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വട്ടച്ചൊറി വന്നേനെ' തുടങ്ങി പോസ്റ്റിന് താഴെ അസഭ്യങ്ങള്‍ നിറയുകയാണ്. വിനീതിനെ അന്തം കമ്മിയെന്ന് വിശേഷിപ്പിച്ചവരുമുണ്ട്. വിനീതിനെ കാണുമ്പോള്‍ ചൊറിപിടിച്ച ലുക്കെന്നാണ് മറ്റൊരാള്‍ പടച്ചുവിട്ട കമന്റ്. 'നീ കുളിക്കാത്തതുകൊണ്ട് ഗംഗ ഇപ്പോഴും പരിശുദ്ധ'മെന്നാണ് മറ്റൊള്‍ കുറിച്ചത്. കണ്ണൂരിലെ പ്രശസ്തമായ അണ്ടല്ലൂര്‍ കാവില്‍ നടക്കുന്ന തെയ്യം മഹോത്സവത്തില്‍ നിന്നുള്ള ഒരു ചിത്രം വിനീത് പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് അസഭ്യ കമന്റുകള്‍ നിറഞ്ഞിരിക്കുന്നത്.

പുറത്തുനിന്ന് കാണുന്നതുപോലെ കുംഭമേള വലിയ സംഭവമാണെന്ന് കരുതിയാണ് പോയതെന്നും സി കെ വിനീത് അക്ഷരോത്സവത്തില്‍ പങ്കെടുത്ത് പറഞ്ഞിരുന്നു. തന്റെ അനുഭവത്തില്‍ കുംഭമേള വലിയ സംഭവമല്ല. വലിയ രീതിയില്‍ ആള്‍ക്കൂട്ടമുള്ള ഒരു സ്ഥലം മാത്രമാണ്. ചൊറി പിടിച്ച് തിരിച്ചുവരാന്‍ താത്പര്യമില്ലാത്തതിനാല്‍ കുംഭമേളയില്‍ കുളിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. അത്രയും വൃത്തിയില്ലാത്ത വെള്ളമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും വിനീത് അഭിപ്രായപ്പെട്ടിരുന്നു. നിങ്ങളൊരു വിശ്വാസിയാണെങ്കില്‍ അവിടെ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനുണ്ടാകുമെന്നും വിനീത് അഭിപ്രായപ്പെട്ടിരുന്നു. അതല്ലാതെ പ്രത്യേകിച്ച് കാണാനോ ചെയ്യാനോ ഇല്ല. ഒരു ഭാഗത്ത് അഖാഡകളേയും നാഗസന്യാസിമാരേയും കാണാന്‍ സാധിച്ചു എന്ന് പറഞ്ഞ വിനീത് മറ്റൊരു ഭാഗത്ത് കുളിക്കാന്‍ വന്ന ജനങ്ങളേയും അവരുടെ താമസവുമൊക്കെ കണ്ടെന്നും പറഞ്ഞു. തന്നെ ആകര്‍ഷിച്ചത് നാഗസന്യാസിമാരോ വസ്ത്രമുടുക്കാതെ നടക്കുന്ന ആളുകളോ ആയിരുന്നില്ല. ഉപജീവനത്തിനായി അവിടെ എത്തിയ കുറേ മനുഷ്യരായിരുന്നു തന്റെ ശ്രദ്ധപിടിച്ചുപറ്റിയത്. അത്തരം കച്ചവടക്കാരുടെ അടുത്ത് ആരും പോകില്ല. വൃത്തിയുടെയും സൗകര്യത്തിന്റെയും പ്രശ്‌നങ്ങളാണ് അവര്‍ കാണുന്നത്. വലിയ രീതിയിലുള്ള പി ആര്‍ ആണ് കുംഭമേളയ്ക്ക് നല്‍കിയത്. എന്നാല്‍ അതിനനുസരിച്ചുള്ള യാതൊരു സൗകര്യവും ഒരുക്കിയിരുന്നില്ലെന്നും വിനീത് വ്യക്തമാക്കിയിരുന്നു.

Content Highlights- Social media slam c k vineeth over his comment about kumbh mela

To advertise here,contact us