എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെന്ന് മുഖ്യമന്ത്രി; എതിർപ്പ് മറികടന്ന് ഇടതുമുന്നണി യോഗത്തിൽ തീരുമാനം

എലപ്പുള്ളി ബ്രൂവറി പ്രാബല്യത്തിൽ വരുന്നതിൽ ശക്തമായ എതി‍ർപ്പ് സിപിഐയും ആർജെഡിയും അറിയിച്ചിരുന്നു

തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി നിർമ്മാണവുമായി മുന്നോട്ട് പോകാൻ ഇടത് മുന്നണി യോ​ഗത്തിൽ തീരുമാനം. എൽഡിഎഫ് ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ നടന്ന രണ്ടരമണിക്കൂ‍ർ നീണ്ട ഇടതുമുന്നണി യോ​ഗത്തിന് ശേഷമാണ് നിർണായക തീരുമാനമായത്. എലപ്പുള്ളി ബ്രൂവറി പ്രാബല്യത്തിൽ വരുന്നതിൽ ശക്തമായ എതി‍ർപ്പ് സിപിഐയും ആർജെഡിയും അറിയിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് ആദ്യം ശക്തമായ എതിർപ്പ് ഉന്നയിച്ചത്.

പദ്ധതി നി​ഗൂഢമാണെന്ന് പറഞ്ഞ ബിനോയ് വിശ്വം, എക്സൈസും കമ്പനിയും കുടിവെള്ള പ്രശ്നം ഉണ്ടാകില്ലെന്ന് പറ‍ഞ്ഞത് തെറ്റാണെന്നും സിപിഐ ബ്രൂവറി നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രാഥമിക പഠനം നടത്തി എന്നും പറഞ്ഞു. പഠനത്തിൽ എലപ്പുള്ളി പ്രദേശത്ത് കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന് സിപിഐ മനസ്സിലാക്കി എന്നും ബിനോയ് വിശ്വം പറഞ്ഞു. ഒപ്പം മുന്നണിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് ഇത്തരമൊരു വലിയ വിഷയത്തിന് സർക്കാരിന് അനുമതി നൽകാൻ കഴിയുക എന്നും ബിനോയ് വിശ്വം ചോദിച്ചു.

എലപ്പുള്ളി ബ്രൂവറി വിഷയം മന്ത്രിസഭയിൽ ഉന്നയിച്ചിരുന്നുവെന്നും, മന്ത്രിസഭ അതിന് അനുമതി നൽകിയെന്നും, അത്തരമൊരു പ്രശ്നം ഉണ്ടായിരുന്നു എങ്കിൽ മന്ത്രിമാർ എതിർക്കേണ്ടിയിരുന്നതല്ലേ എന്ന മറുചോദ്യം ഉന്നയിച്ചുകൊണ്ടായിരുന്നു ബിനോയ് വിശ്വത്തെ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതിരോധിച്ചത്.

ആർജെഡി സെക്രട്ടറി ജനറൽ വര്‍ഗീസ് ജോര്‍ജ്ജും സമാന വിഷയം ഉന്നയിച്ചു. കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ വർ​ഗീസ് ജോർജ്ജ് ഭൂനികുതിയിൽ ​ന​ഗ്നമായ നിയമലംഘനമാണ് ഒയാസിസ് എന്ന കമ്പനി നടത്തുന്നതെന്നും പറഞ്ഞു. അതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും ഈ പദ്ധതിയെ പറ്റി സർക്കാർ ചിന്തിക്കരുതെന്നും വർ​ഗീസ് ജോർജ്ജ് പറഞ്ഞു.

Also Read:

Kerala
ആശാ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കി ആരോഗ്യവകുപ്പ്; അനുനയ നീക്കവുമായി സർക്കാർ

വർ​ഗീസ് ജോർജ്ജിനും ബിനോയ് വിശ്വത്തിനും മുഖ്യമന്ത്രിയാണ് മറുപടി നൽകിയത്. തീരുമാനം സര്‍ക്കാര്‍ എടുത്തു കഴിഞ്ഞു. ഇനി പിന്നോട്ട് പോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അസന്നിദ്ഗ്മായി പറഞ്ഞു. എടുത്ത തീരുമാനം മാറ്റാന്‍ കഴിയില്ല. എലപ്പുള്ളി ബ്രൂവറിയുമായി സർക്കാർ മുന്നോട്ട് തന്നെ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ നേതാക്കൾ ഒരുമിച്ച് ബ്രൂവറി നിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു.

content highlights : Chief Minister to go ahead with Elapulli Brewery; Left Front meeting decided

To advertise here,contact us