പകുതി വില തട്ടിപ്പ്; സീഡ് സൊസൈറ്റി ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി ഇ ഡി

ആനന്ദകുമാർ ഉൾപ്പെടെ തട്ടിപ്പിൻ്റെ ഭാഗമാണെന്ന് ഭാരവാഹികൾ മൊഴി നൽകിയിട്ടുണ്ട്

കണ്ണൂർ: പകുതി വില തട്ടിപ്പിൽ സീഡ് സൊസൈറ്റി ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കണ്ണൂരിലെ സീഡ് സൊസൈറ്റി ഭാരവാഹികളാണ് ഇ ഡിയുടെ കൊച്ചി ഓഫീസിലെത്തി മൊഴി നൽകിയത്. കണ്ണൂർ സീഡ് സൊസൈറ്റി പ്രൊജക്ട് മാനേജർ, കോർഡിനേറ്റർമാർ എന്നിവർ മൊഴി നൽകി. ആനന്ദകുമാർ ഉൾപ്പെടെ തട്ടിപ്പിൻ്റെ ഭാഗമാണെന്ന് ഭാരവാഹികൾ മൊഴി നൽകിയിട്ടുണ്ട്.

ഇതിനിടെ പകുതിവില തട്ടിപ്പിൻ്റെ സൂത്രധാരൻ കെ എൻ ആനന്ദകുമാറാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ റിപ്പോർട്ടറിന് ലഭിച്ചു. 2023 ഡിസംബർ നാലിന് കോഴിക്കോട് നടത്തിയ പ്രസം​ഗത്തിൽ എൻജിഒ കോൺഫെഡ‍റേഷന് പിന്നിൽ സത്യസായി ട്രസ്റ്റാണെന്ന് ആനന്ദകുമാർ വെളിപ്പെടുത്തുന്ന വിവരങ്ങളാണ് റിപ്പോർട്ടറിന് ലഭിച്ചത്. തട്ടിപ്പ് തുടങ്ങിയത് ആനന്ദകുമാറാണെന്ന് ഈ പ്രസം​ഗത്തിൽ വ്യക്തമാണ്. പകുതിവിലയ്ക്ക് ലാപ്ടോപ്പുകൾ നൽകുന്നതിനായി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആനന്ദകുമാറിൻ്റെ വെളിപ്പെടുത്തൽ.

Also Read:

Kerala
'പ്രതി വിഷ്ണു കാറിൽ നിന്ന് കത്തിയെടുത്ത് ജിതിനെ കുത്തി'; സിഐടിയു പ്രവർത്തകന്റെ കൊലപാതകത്തിൽ എട്ട് പ്രതികൾ

സത്യസായി ഓർഫനേജ് ട്രസ്റ്റ്‌ കേരള തുടങ്ങിയത് 30 വർഷം മുൻപാണെന്നും 27 വർഷമായപ്പോൾ നാഷണൽ എൻജിഒ കോൺഫഡറേഷൻ തുടങ്ങിയെന്നുമാണ് ആനന്ദകുമാർ പറയുന്നത്. 'വാഴ നനയുമ്പോൾ ചീരയും നനയണം. സിഎസ്ആ‍‍ർ ഫണ്ട് എന്താണെന്ന് എല്ലാവരും മനസ്സിലാക്കണം. 5000 ലാപ് ടോപ്പുകൾ പകുതി വിലയ്ക്ക് നൽകുന്നത് ഞങ്ങൾ. 2000 രൂപ വീതം ഓരോ ലാപ് ടോപിനും ചെലവാക്കുന്നത് ഞങ്ങളുടെ പണം ഉപയോഗിച്ച്. 10 കോടിയിലേറെ ഇതിനായി ചെലവഴിച്ചു' എന്നും പ്രസം​ഗത്തിൽ ആനന്ദകുമാർ പറയുന്നുണ്ട്.

അനന്തു കൃഷ്ണനുമായി ചേർന്നാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും ആനന്ദകുമാർ പ്രസം​ഗത്തിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഡയാലിസിസ് സെൻ്ററിൻ്റെ കരാർ ഒപ്പിട്ടത് അനന്തു കൃഷ്ണനൊപ്പമെന്നാണ് ആനന്ദകുമാർ പ്രസം​ഗത്തിൽ വ്യക്തമാക്കുന്നത്. 'ഞാനും അനന്തു കൃഷ്ണനും കൊച്ചി ദേവസ്വം ബോർഡുമായി കരാർ ഒപ്പ് വെച്ചു' എന്നാണ് ആനന്ദകുമാർ പറയുന്നത്. ഏത് പ്രതിസന്ധിയിലും താൻ കൂടെ ഉണ്ടാകുമെന്നും ആനന്ദ കുമാർ പ്രസം​ഗത്തിൽ പറയുന്നുണ്ട്.

Also Read:

Kerala
പെരുന്നാളിന് ഡാൻസ്, പിന്നാലെ മറ്റൊരു സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചെടുത്തു; റിജോയുടെ ആസൂത്രണം

ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെന്നും പ്രസം​ഗത്തിൽ ആനന്ദകുമാർ പറയുന്നുണ്ട്. പിണറായി വിജയന്റെയും ഉമ്മൻചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും വീട്ടിൽ പോയി ചായ കുടിക്കുമെന്നും അത് തന്റെ കഴിവാണെന്നുമാണ് ആനന്ദകുമാർ പറയുന്നത്. ഒരു ആശുപത്രി സൂപ്രണ്ടിനെ മാറ്റാൻ തനിക്ക് 24 മണിക്കൂർ മതിയെന്നും ആര് ഭരിച്ചാലും തനിക്ക് ആ സ്വാധീനമുണ്ടെന്നും ആനന്ദകുമാർ പ്രസം​ഗത്തിൽ അവകാശപ്പെടുന്നുണ്ട്.

Content Highlights: Half Price Scam ED recorded the statement of the office bearers of the Seed Society

To advertise here,contact us