റിജോ സഞ്ചരിച്ച വഴി സിസിടിവിയില്‍ തെളിഞ്ഞു; മുഴുവന്‍ ദൃശ്യങ്ങളും ശേഖരിച്ച് പൊലീസ്, 12 ലക്ഷം ഒളിപ്പിച്ച നിലയിൽ

കവര്‍ച്ച നടത്തിയ പണത്തില്‍ നിന്നും 2,29,000 രൂപ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു

തൃശൂര്‍: ചാലക്കുടി പോട്ടയില്‍ ബാങ്ക് കൊള്ളയടിച്ച പ്രതിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തി. 12 ലക്ഷം രൂപയാണ് റിജോ ആന്റണിയുടെ വീട്ടില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തത്. 15 ലക്ഷം രൂപയായിരുന്നു റിജോ ബാങ്കില്‍ നിന്നും കവര്‍ന്നത്.

കവര്‍ച്ച നടത്തിയ പണത്തില്‍ നിന്നും 2,29,000 രൂപയും പൊലീസിന് ലഭിച്ചിരുന്നു. കടം വീട്ടിയ തുകയാണ് തിരികെ ലഭിച്ചത്. തുക ലഭിച്ചയാളാണ് പൊലീസിനെ പണം തിരിച്ചേല്‍പ്പിച്ചത്. കവര്‍ച്ച പണത്തില്‍ നിന്നും കടം വീട്ടിയതായി പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നു. അന്നനാട് സ്വദേശിയാണ് പണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ടെലിവിഷന്‍ വാര്‍ത്ത കണ്ടാണ് മോഷ്ടാവ് റിജോ ആണെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്. 40 ലക്ഷം രൂപ റിജോയ്ക്ക് കടം ഉണ്ടെന്നാണ് വിവരം.

മോഷ്ടാവിന്റെ സഞ്ചാര പാതയുടെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വേഷം മാറി റിജോ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും വണ്ടിയുടെ മിറര്‍ മാറ്റിയതും വച്ചതും ദൃശ്യങ്ങളില്‍ ഉണ്ട്. രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കില്‍ കയറി കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Also Read:

National
ഇത്തവണയും കൈ വിലങ്ങ്; മൂന്നാം വിമാനത്തില്‍ അമേരിക്കയില്‍ നിന്നെത്തിയത് 112 പേര്‍

കവര്‍ച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. പൊലീസിന്റെ കണ്ണുവെട്ടിക്കാനുള്ള എല്ലാ നീക്കവും പ്രതി നടത്തി. വഴിയില്‍ വെച്ച് തന്നെ വസ്ത്രം മാറിയും വാഹനത്തിന് ചെറിയ മാറ്റം വരുത്തിയുമെല്ലാം അതിസമര്‍ത്ഥമായിട്ടായിരുന്നു പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചത്. എന്നാല്‍ മാറ്റാതിരുന്ന ഷൂവാണ് പ്രതിയിലേയ്‌ക്കെത്താന്‍ പൊലീസിന് തുണയായത്. വസ്ത്രവും വാഹനത്തിലെ മാറ്റവുമെല്ലാം പൊലീസിന്റെ കണ്ണവെട്ടിക്കാന്‍ തുണയായെങ്കിലും ഷൂസിന്റെ അടിഭാഗത്തെ നിറം പിടിവള്ളിയാക്കിയാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് മുമ്പോ ശേഷമോ ഫോണ്‍ ഉപയോഗിക്കാതിരിക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.

Content Highlights: Chalakkudy Bank Robbery Police Collect all CCTV Visuals of Accused

To advertise here,contact us