'നിന്നെ പോലുള്ളവർ ഞങ്ങളുടെ നാട്ടിൽ ഈ ജോലിയല്ല ചെയ്യുന്നത്'; ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജാതി പീഡനമെന്ന് പരാതി

ഷോപ്പിംഗിന് പോകുമ്പോള്‍ കൂടെ വരാന്‍ നിര്‍ബന്ധിക്കുകയും പാന്റിന്റെ അളവ് വരെ എടുപ്പിച്ചെന്നും പരാതി

കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജാതിയുടെ പേരില്‍ പീഡനമെന്ന് പരാതി. പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. ചീഫ് റീജണല്‍ മാനേജര്‍ നിതീഷ്‌കുമാര്‍ സിന്‍ഹക്കെതിരെയും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കശ്മീര്‍ സിംഗിനെതിരെയുമാണ് കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്.

റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് മാനേജരുടെ പരാതിയിലാണ് നടപടി. ചായയും മരുന്നും വാങ്ങിപ്പിക്കുക, റീജിയണല്‍ ഓഫീസിലെ ചെടി നനപ്പിക്കുക, ഭാര്യമാരുടെ ബാങ്ക് പാസ് ബുക്ക് പതിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ അസിസ്റ്റന്റ് മാനേജരെ കൊണ്ട് ചെയ്യിപ്പിക്കുമെന്ന് പരാതിയില്‍ പറയുന്നു. ജാതിയുടെ പേരില്‍ പല തവണ അധിക്ഷേപിച്ചെന്നും എതിര്‍ത്തപ്പോള്‍ കശ്മീര്‍ സിംഗ് മര്‍ദ്ദിച്ചെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

Also Read:

Kerala
'സിഐടിയു പ്രവർത്തകൻ്റെ കൊലപാതകത്തിൽ പങ്കില്ല'; തലയിൽ കെട്ടിവയ്ക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് ബിജെപി

പരാതി നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചുവെന്നും ആരോപണമുണ്ട്. പ്രതികാരമായി സസ്പെന്‍ഡ് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അസിസ്റ്റന്റ് മാനേജര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടും പരാതി നല്‍കിയിട്ടുണ്ട്. 11 വര്‍ഷമായി ഇയാള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ചെയ്തുവരികയാണ്. മൂന്ന് വര്‍ഷമായാണ് കൊച്ചിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതെന്നും ഇതുപോലൊരു അനുഭവം ആദ്യമാണെന്നും പരാതിക്കാരന്റെ പങ്കാളി റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. നിതീഷ് കുമാര്‍ വന്നതിന് ശേഷമാണ് പ്രശ്‌നം രൂക്ഷമാകുന്നതെന്നും തങ്ങൾ എസ്സി വിഭാഗമാണെന്നും അവര്‍ പറഞ്ഞു.

'നിന്നെ പോലെയുള്ളവര്‍ ഞങ്ങളുടെ നാട്ടില്‍ ഈ ജോലിയല്ല ചെയ്യുന്നത്. നിനക്ക് എങ്ങനെയാണ് ഈ ജോലി കിട്ടിയത് എന്നൊക്കെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്. ഇതുപോലെയുള്ള ജോലികള്‍ തന്നെ കൊണ്ട് ചെയ്യിക്കരുതെന്ന് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ട്. കശ്മീര്‍ സിംഗ് മരുന്ന് വാങ്ങിപ്പിക്കും, ഭാര്യയെ കൊണ്ട് ഷോപ്പിംഗിന് നിര്‍ബന്ധിച്ച് അയപ്പിക്കും, ഭാര്യയുടെ പാസ്ബുക്ക് പതിപ്പിക്കും. ഒരു തവണ കശ്മീര്‍ സിംഗ് ഷോപ്പിംഗിന് പോകുമ്പോള്‍ കൂടെ വരാന്‍ നിര്‍ബന്ധിക്കുകയും പാന്റിന്റെ അളവ് വരെ എടുപ്പിക്കുകയും ചെയ്തു', പരാതിക്കാരന്റെ പങ്കാളി പറഞ്ഞു.

Content Highlights: cast discrimination in Indian Over sees bank

To advertise here,contact us