'സിഐടിയു പ്രവർത്തകൻ്റെ കൊലപാതകത്തിൽ പങ്കില്ല'; തലയിൽ കെട്ടിവയ്ക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് ബിജെപി

സിപിഐഎം നിലപാട് പ്രതിഷേധാര്‍ഹമെന്നും ബിജെപിയുടെ ഒരു പ്രവര്‍ത്തകനും ഈ കൊലപാതകത്തില്‍ പങ്കില്ലെന്നും ജില്ലാ പ്രസിഡന്റ്

പത്തനംതിട്ട: മടത്തുംമൂഴി പെരുംനാട് കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റ് വി എ സൂരജ്. കൊലപാതകം ബിജെപിയുടെ മുകളില്‍ കെട്ടിവയ്ക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം നിലപാട് പ്രതിഷേധാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഒരു പ്രവര്‍ത്തകനും ഈ കൊലപാതകത്തില്‍ പങ്കില്ലെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.

പ്രതികളില്‍ ഒരാളായ സുമിത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും ബിജെപി ആരോപിക്കുന്നു. മുഖ്യപ്രതി വിഷ്ണുവിന്റെ സുഹൃത്താണ് സുമിത്. കഴിഞ്ഞ ദിവസം സിഐടിയു പ്രവര്‍ത്തകനായ ജിതിനെ കൊലപ്പെടുത്തിയത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചിരുന്നു. ജിതിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചു. വടിവാള്‍ കൊണ്ടാണ് ഇവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതെന്നാണ് ആരോപണം.

Also Read:

Kerala
കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശനം; തരൂരിനെ പ്രശംസിച്ച് സിപിഐയും സിപിഐഎമ്മും

അതേസമയം പെരുനാട് പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ജിതിനെ ആക്രമിച്ച കൂനങ്കര സ്വദേശി വിഷ്ണുവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വിഷ്ണുവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പത്തനംതിട്ട എസ്പി, റാന്നി ഡി വൈ എസ് പി എന്നിവര്‍ കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. പെരുന്നാട് സര്‍ക്കാര്‍ ആശുപത്രിയിലാണ് ജിതിനെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

Content Highlights: BJP district president say they did not involve in Pathanamthitta case

To advertise here,contact us