'കേന്ദ്രസർക്കാരിന് മനുഷ്യത്വമില്ല'; ആവശ്യമെങ്കിൽ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്ന് കെ സുധാകരൻ

ശശി തരൂര്‍ എംപിയുടെ ലേഖനം വായിച്ചിട്ടില്ലെന്നും ലേഖനം പരിശോധിക്കുമെന്നും കെ സുധാകരന്‍

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പുകഴ്ത്തുന്ന ശശി തരൂര്‍ എംപിയുടെ ലേഖനം വായിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലേഖനം പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ നല്‍കിയ കേന്ദ്ര വായ്പയിലും സുധാകരന്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ലെന്നും ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

'ഈ നടപടി വേണ്ടിയിരുന്നില്ല. പലിശയ്ക്ക് വായ്പയെടുക്കാന്‍ ആണെങ്കില്‍ ഇവിടെ ആകാമായിരുന്നു. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നവരോട് ആണ് ഈ ക്രൂരത. യോജിച്ച സമരത്തിനും തയ്യാറാണ്. വയനാടിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം യോജിച്ച സമരത്തിനും തയ്യാര്‍', സുധാകരന്‍ പ്രതികരിച്ചു.

Also Read:

Kerala
'സുരേഷ് ഗോപി രണ്ട് പശുക്കളെ നൽകുമെന്ന് പറഞ്ഞു'; അധ്വാനിച്ച് ജീവിക്കുമെന്ന് നെയ്യാറ്റിൻകര ഗോപൻ്റെ കുടുംബം

അതേസമയം ശശി തരൂര്‍ എംപിയുടെ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും കേരളം വ്യവസായ സൗഹൃദമല്ലെന്നും സതീശന്‍ പ്രതികരിച്ചു. ഒരുപാട് മെച്ചപ്പെട്ടുവരേണ്ടതുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്ന് ലേഖനത്തില്‍ പറയുന്നു. പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ 'ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍' എന്ന തലക്കെട്ടിലാണ് ലേഖനമുള്ളത്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു.

Content Highlights: K Sudhakaran against Central government in chooralmala disaster

To advertise here,contact us