ബഹളം വെച്ച പ്രതിപക്ഷത്തോട് കയർത്ത് മുഖ്യമന്ത്രി; 'പൊലീസിൻ്റെ വീഴ്ച'യിൽ അടിയന്തിര പ്രമേയത്തിന് അനുമതിയില്ല

ജാമ്യത്തിൽ പുറത്തിറങ്ങുന്നവർ ജാമ്യവ്യവസ്ഥ ലംഘിച്ചാൽ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും പൊലീസിന് റിപ്പോർട്ട് നൽകാൻ മാത്രമേ കഴിയൂ എന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിൽ പ്രതിപക്ഷവും ഭരണപക്ഷവും കൊമ്പുകോർത്തു. അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയ്ക്കിടെ പ്രതിപക്ഷവും മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കത്തിനും സഭ സാക്ഷ്യം വഹിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകാൻ എഴുന്നേറ്റപ്പോൾ ബഹളം ഉയന്നതോടെ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി കയർത്തിരുന്നു. അടിയന്തരപ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിനെ തുടർന്ന് നടത്തിയ വാക്ക്ഔട്ട് പ്രസംഗത്തിനിടെ സ്പീക്കർ എ എൻ ഷംസീറും വി ഡി സതീശനും തമ്മിലും കൊമ്പുകോർത്തിരുന്നു.

എൻ ഷംസുദ്ദീൻ എംഎൽഎയായിരുന്നു അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. നെന്മാറ കൂട്ടക്കൊലപാതകം ചൂണ്ടിക്കാണിച്ച് പൊലീസിനെതിരെ രൂക്ഷവിമ‍ർശനമാണ് എൻ ഷംസുദ്ദീൻ എംഎൽഎ ഉന്നയിച്ചത്. നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ കാരണം പൊലീസിന്റെ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തിയ ഷംസുദ്ദീൻ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പ്രതി അവിടെ താമസിച്ചതെന്നും ചൂണ്ടിക്കാണിച്ചു. നെന്മാറ പ്രദേശത്ത് പ്രവേശിക്കാൻ ചെന്തമാരക്ക് അനുമതി ഇല്ലായിരുന്നു. കൊലക്കേസ് പ്രതി അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ പൊലീസ് എവിടെയായിരുന്നുവെന്നും ഷംസുദ്ദീൻ ചോദിച്ചു. പത്തനംതിട്ടയിലെ പൊലീസ് അതിക്രമത്തിലും ഷംസുദ്ദീൻ സർക്കാരിനെ കുറ്റപ്പെടുത്തി. പൊലീസിന് എന്താണ് പറ്റിയതെന്നും പൊലീസിൻ്റെ സമനില തെറ്റിയിരിക്കുകയാണെന്നും ഷംസുദ്ദീൻ പറഞ്ഞു.

ഗുണ്ടകളും പൊലീസും തമ്മിലുള്ള ബന്ധം ശക്തമായി തുടരുന്നു. എസ് പി യും ​ ഓം പ്രകാശും നോക്കി നിൽക്കെ ഗുണ്ട സംഘങ്ങൾ തമ്മിൽ തല്ലി. പൊലീസ് ക്രിമിനൽ വൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും ഷംസുദ്ദീൻ കുറ്റപ്പെടുത്തി. തുമ്പ പൊലീസ് കൈക്കൂലി വാങ്ങിയത് ജിപേ വഴിയാണെന്നും കേരളത്തിലെ പൊലീസ് കൈക്കൂലി ഡിജിറ്റലൈസ് ചെയ്തുവെന്നും ഷംസുദ്ദീൻ പരിഹസിച്ചിരുന്നു.

Also Read:

National
നിധി സ്വന്തമാക്കാൻ 'നരബലി' നിർദേശിച്ച് ജ്യോത്സ്യൻ; കർണാടകയിൽ ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി

വേണ്ടത്ര നല്ലനിലയിൽ അടിയന്തരപ്രമേയ വിഷയം അവതരിപ്പിക്കാൻ ഷംസുദ്ദീന് കഴിയാത്തത് കൊണ്ടാണോ ബഹളം ഉണ്ടാക്കുന്നതെന്നായിരുന്നു മറുപടി പ്രസം​ഗത്തിൽ മുഖ്യമന്ത്രിയുടെ ചോദ്യം. ഒറ്റപ്പെട്ട ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തെ ക്രമസമാധാനം വല്ലാതെ തകർന്നുവെന്ന് പറഞ്ഞാൽ അത് യഥാർത്ഥ ചിത്രമാകില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. നെന്മാറ വിഷയത്തിലും പത്തനംതിട്ട വിഷയത്തിലും വീഴ്ച സംഭവിച്ചുവെന്നും മുഖ്യമന്ത്രി സമ്മതിച്ചു. ഈ വിഷയങ്ങളിൽ വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നെന്മാറ കേസിലെ പ്രതി ചെന്താമരയെ പൊലീസ് വിളിച്ചുവരുത്തി ജാമ്യവ്യവസ്ഥ ലംഘിക്കരുതെന്ന് താക്കീത് നൽകിയിരുന്നെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ജാമ്യത്തിൽ പുറത്തിറങ്ങുന്നവർ ജാമ്യവ്യവസ്ഥ ലംഘിച്ചാൽ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും പൊലീസിന് റിപ്പോർട്ട് നൽകാൻ മാത്രമേ കഴിയൂ എന്നും പിണറായി വ്യക്തമാക്കി. അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകാമോ എന്നത് ചർച്ച ചെയ്യേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

ഇതിന് പിന്നാലെ വാക്ക്ഔട്ട്‌ പ്രസം​ഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീ‌ശൻ നെന്മാറ വിഷയത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആവർത്തിച്ചു. സംസ്ഥാനത്താകെ ​ഗുണ്ടകൾ യോ​ഗങ്ങളും നടുറോഡിൽ ജന്മദിനാഘോഷവും നടത്തുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട ലഹരിക്കേസും പ്രതിപക്ഷ നേതാവ് പരോക്ഷമായി നിയമസഭയിൽ പരാമർശിച്ചു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ കുറ്റപത്രം സമർപ്പിച്ചത് കൊണ്ടാണ് കേസിലെ പ്രതികളെ വെറുതെ വിട്ടതെന്ന് വി ഡി സതീശൻ ആരോപിച്ചു. പ്രതികളെ സഹായിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കെക്കെയ്ൻ കേസിലെ പ്രതികളെ വെറുതെ വിട്ട പത്രവാർത്ത പരാമർശിച്ചായിരുന്നു സതീശൻ്റെ പ്രതികരണം. ഇതിനിടെ സ്പീക്കറും പ്രതിപക്ഷ നേതാവും നേർക്കുനേർ വന്നിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിൽ സ്പീക്കർ ഇടപെട്ടതായിരുന്നു തർക്കത്തിന് കാരണം. വളരെ കുറഞ്ഞ സമയം കൊണ്ട് വാക്ക്ഔട്ട്‌ പ്രസംഗം നടത്തുന്ന ആളാണ് താൻ എന്നും വി ഡി സതീശൻ വ്യക്തമാക്കി. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

Content Highlights: LDF and UDF dueled in the Assembly over adjournment notice

To advertise here,contact us