'ഫോണിൽ ബ്ലോക്ക് ചെയ്തു, വീട്ടിൽ വരുന്നത് വിലക്കി'; യുവതിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

ആലുവയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിലെത്തി തടഞ്ഞു നിർത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു

കൊച്ചി : ആലുവ യുസി കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മുപ്പത്തടം സ്വദേശി കൊല്ലകത്ത് അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അക്ഷയ സെൻ്റർ നടത്തുന്നയാളാണ് അലി. ചൂണ്ടി സ്വദേശിനിയായ യുവതിയുടെ നേരെയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്.

സുഹൃത്തായിരുന്ന യുവതി അകന്നതിൻ്റെ വൈരാഗ്യത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. അവൾ തന്നെ മൊബൈലിൽ ബ്ലോക്ക് ചെയ്തു. ഇതിന് പുറമേ വീട്ടിൽ വരുന്നത് വിലക്കി. ഇതെല്ലാം തന്നെ പ്രകോപിപ്പിച്ചെന്നും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ആലുവയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിലെത്തി തടഞ്ഞു നിർത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. ഇതിനിടെ യുവതി ഓടി ഒരു വീട്ടിൽ അഭയം തേടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

content highlights : attempted to kill the young woman by pouring petrol on her: Accused arrested

To advertise here,contact us