രാമായണം ഉദ്ധരിച്ച് പിപി ദിവ്യയ്ക്ക് പിണറായിയുടെ വിമർശനം; തിരിച്ച് വരാൻ ഇനിയും അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി

മനുതോമസ് വിഷയത്തിൽ പി ജയരാജന് നേരെയും പിണറായി വിജയൻ രൂക്ഷ വിമർശനമാണ് നടത്തിയത്

കണ്ണൂർ: പി പി ദിവ്യയ്ക്കെതിരായ നടപടിയിൽ തല്ലിയും തലോടിയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി പ്രസം​ഗം. തളിപ്പറമ്പിൽ നടക്കുന്ന സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ടിലും പൊതുചർച്ചയിലും ദിവ്യയ്ക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇതിന് ചുവട് പിടിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി പ്രസം​ഗം. ദിവ്യയെയും പാർട്ടി നടപടിയെയും പൂർണ്ണമായും തള്ളാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

അദ്ധ്യാത്മ രാമായണത്തിലെ വരികൾ പാടിയായിരുന്നു ദിവ്യക്ക് എതിരായ മുഖ്യമന്ത്രിയുടെ വിമർശനം. 'താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ' എന്ന് ദിവ്യയെ വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടി പറഞ്ഞു. അതേസമയം, ദിവ്യയെ പൂർണ്ണമായും മുഖ്യമന്ത്രി തള്ളിയതുമില്ല. ദിവ്യ ഒരു ദിവസം കൊണ്ട് ഉണ്ടായ നേതാവല്ല. ദീർഘകാലത്തെ അനുഭവത്തിലൂടെയാണ് നേതാവ് ഉണ്ടാവുന്നതെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടിയെന്നും വ്യക്തമാക്കി. ആ സഖാവിന് തിരിച്ച് വരാൻ ഇനിയും അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മനുതോമസ് വിഷയത്തിൽ പി ജയരാജന് നേരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് നടത്തിയത്.

Also Read:

Kerala
പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍; നടന്നത് സംസ്ഥാന വ്യാപക തട്ടിപ്പ്,മൂവാറ്റുപുഴയിൽ മാത്രം 9കോടി തട്ടി

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യക്കെതിരായ സംഘടനാ നടപടിയെ എതിർത്തും അനുകൂലിച്ചും സമ്മേളനത്തിൽ ചർച്ച ഉയർന്ന് വന്നിരുന്നു. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ചാണെന്ന വിമർശനമാണ് ഉയർന്നത്. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശനം ഉന്നയിച്ചിരുന്നു. തലശ്ശേരി ഏരിയയിൽ നിന്നുള്ള പ്രതിനിധികളാണ് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്ത് വന്നത്. പി പി ദിവ്യയുടെ നടപടിയെയും ഒരു വിഭാ​ഗം പ്രതിനിധികൾ വിമർശിച്ചു. ദിവ്യ ചെയ്തത് ശരിയായില്ലെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നിരുന്നു.

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ നേരത്തെ പി ജയരാജന് എതിരെയും വിമർശനം ഉയർന്നിരുന്നു. മനു തോമസിനെതിരെ പി ജയരാജൻ നടത്തിയ പ്രതികരണമാണ് വിമർശനത്തിനിടയാക്കിയത്. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിഞ്ഞ മനു തോമസിനെതിരെ നടത്തിയ പ്രതികരണം തെറ്റായിരുന്നു. മുതിർന്ന ഒരു നേതാവിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ട രീതിയിലായിരുന്നില്ല പ്രതികരണമെന്നുമായിരുന്നു വിമർശനം.

പയ്യന്നൂ‍രിൽ സംഘടനാ പ്രശ്നങ്ങളുടെ പേരിലും സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പൊതുചർച്ചയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പയ്യന്നൂരിലെ പാർട്ടി നേതൃത്വത്തിനെതിരെയാണ് പൊതുചർച്ചയിൽ രൂക്ഷ വിമർശനം ഉയർന്നത്. പയ്യന്നൂരിൽ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും ഏരിയ സമ്മേളനത്തിലും വിഭാഗീയത ഉണ്ടായിരുന്നുവെന്നുമായിരുന്നു പൊതുചർച്ചയിൽ പങ്കെടുത്ത പിണറായി ഏരിയയിൽ നിന്നുള്ള പ്രതിനിധികളുടെ വിമർശനം. വിഭാഗീയത അവസാനിപ്പിക്കാൻ ജില്ലാ കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നിരുന്നു. പയ്യന്നൂരിൽ നിന്ന് ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി ജില്ലാ നേതൃത്വത്തിനെതിരെയും വിമർശനം ഉന്നയിച്ചിരുന്നു.

Also Read:

Kerala
സാമ്പത്തികതട്ടിപ്പ് കേസിൽ ശ്രീതു അറസ്റ്റിൽ, ദേവസ്വം വകുപ്പിൽ ജോലി വാ​ഗ്ദാനം; തട്ടിയെടുത്തത് പത്ത് ലക്ഷം രൂപ

തളിപ്പറമ്പിൽ പുരോ​ഗമിക്കുന്ന സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സമ്മേളനം തിരഞ്ഞെടുക്കും. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എം വി ജയരാജൻ മാറിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ എം വി ജയരാജൻ തന്നെ സെക്രട്ടറി സ്ഥാനത്ത് തുടർന്നേക്കുമെന്നാണ് സൂചന. എം വി ജയരാജൻ ഒഴിവാകാൻ തീരുമാനിച്ചാൽ കെ കെ രാഗേഷോ ടി വി രാജേഷോ ജില്ലാ സെക്രട്ടറി പദത്തിലേക്ക് എത്താനും സാധ്യതയുണ്ട്.

Content Highlights: Pinarayi Vijayan Criticised PP Divya at CPIM Kannur State Conference

To advertise here,contact us