സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം; പി പി ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും പൊതുചർച്ചയിൽ പ്രതിനിധികൾ

ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ചാണെന്ന വിമർശനമാണ് ഉയർന്നത്

തളിപ്പറമ്പ്: സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പൊതുചർച്ച പുരോ​ഗമിക്കുമ്പോൾ പി പി ദിവ്യക്കെതിരായ പാർട്ടി നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിനിധികൾ രംഗത്ത്. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ചാണെന്ന വിമർശനമാണ് ഉയർന്നത്. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. തലശ്ശേരി ഏരിയയിൽ നിന്നുള്ള പ്രതിനിധികളാണ് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്ത് വന്നത്. പി പി ദിവ്യയുടെ നടപടിയെയും ഒരു വിഭാ​ഗം പ്രതിനിധികൾ വിമർശിച്ചു. ദിവ്യ ചെയ്തത് ശരിയായില്ലെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു.

നേരത്തെ ജില്ലാ സെക്രട്ടറി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പി പി ദിവ്യയ്ക്കെതിരായ വിമർശനം ഇടംപിടിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ തെറ്റായ പ്രസംഗമാണ് ദിവ്യ നടത്തിയത്. ഇതിനെ ന്യായീകരിക്കാൻ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും എം വി ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് ദിവ്യക്കെതിരായ വിമർശനം ഇടംപിടിച്ചത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിലും സിപിഐഎം കണ്ണൂ‍ർ ജില്ലാ സമ്മേളനത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Also Read:

Kerala
'സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഉപദ്രവം'; മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം

തളിപ്പറമ്പിൽ പുരോ​ഗമിക്കുന്ന സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി മൂന്നാം തീയതി സമാപിക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ജയരാജൻ ഒഴിവായേക്കുമെന്നാണ് സൂചനകൾ. നിലവിലെ ടേം വ്യവസ്ഥ പ്രകാരം എം വി ജയരാജൻ മാറേണ്ട സാഹചര്യം ഇല്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഒഴിഞ്ഞേക്കും. കെ കെ രാഗേഷോ ടി വി രാജേഷോ ജില്ലാ സെക്രട്ടറി പദത്തിലേക്ക് എത്താനും സാധ്യതയുണ്ട്.

Content Highlights: The action against P P Divya has been criticized by the delegates at the CPIM district conference

To advertise here,contact us